Connect with us

Ongoing News

എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ സംയുക്ത കൃതികള്‍' 23 ന് പ്രകാശനം ചെയ്യും

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: കേരളത്തിന്റെ പുസ്തക പ്രസാധന ചരിത്രത്തിലെ അത്യപൂര്‍വ്വതകളുമായി “എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സംയുക്ത കൃതികള്‍” 23 ന് പ്രകാശനം ചെയ്യും. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി താജുല്‍ ഉലമ നഗരിയില്‍ നടക്കുന്ന പ്രകാശനവും അനുസ്മരണ സമ്മേളനവും മഹാഗുരുവിനോടുള്ള ആദരവാകും. 23 ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംയുക്ത കൃതികളുടെ പ്രകാശനം നിര്‍വഹിക്കും. വി പി എം ഫൈസി വില്ല്യാപ്പള്ളി അധ്യക്ഷത വഹിക്കും. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി സംയുക്ത കൃതികള്‍ പരിചയപ്പെടുത്തും. എം എ ഉസ്താദ് രചനകളുടെ അറുപത് വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഖാസിം ഇരിക്കൂര്‍ സംസാരിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംബന്ധിക്കും. എന്‍ അലി അബ്ദുല്ല സ്വാഗതവും മുസ്തഫ കോഡൂര്‍ നന്ദിയും പറയും.
മലയാളിയുടെ ചിന്താലോകത്തേക്ക് പുതിയൊരു പ്രവേശന കവാടം തുറക്കുന്ന എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ സംയുക്ത കൃതികളുടെ സമാഹാരം കേരളത്തിന്റെ പ്രസാധന ചരിത്രത്തിലെ പുതുമയാകും. മതം, ശാസ്ത്രം, കമ്മ്യൂണിസം, യുക്തിവാദം, മതനവീകരണം, വിശ്വാസം, കര്‍മം, ആത്മസംസ്‌കരണം, ചരിത്രം… എന്നിവയെ കുറിച്ചുള്ള ആധികാരികമായ പഠനങ്ങളുടെ മുവ്വായിരം പേജുകള്‍ മൂന്ന് വാള്യങ്ങളിലായാണ് പ്രസിദ്ധീകരിക്കുന്നത്.
1954 ല്‍ “അല്‍ കിത്താബുല്‍ അവ്വല്‍ ഫീ താരീഖില്‍ റസൂല്‍” എന്ന പുസ്തകത്തിലൂടെ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച എം എ ഉസ്താദിന്റെ അറുപത് വര്‍ഷത്തെ രചനകള്‍ എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഉപഹാരമായാണ് പുറത്തിറങ്ങുന്നത്. നാല്‍പത്തിയഞ്ചില്‍ പരം പുസ്തകങ്ങള്‍ ചരിത്രം, ദര്‍ശനം, വീക്ഷണം എന്നിങ്ങനെ മൂന്ന് വാള്യങ്ങളിലായി ക്രോഡീകരിച്ച് പുസ്തക പ്രസാധനത്തിന്റെ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കെട്ടിലും മട്ടിലും പുതുമയോടെയാണ് പുറത്തിറക്കുന്നത്. എസ് വൈ എസ് പ്രസീദ്ധീകരണ വിഭാഗമായ റീഡ്‌സ് ബുക്ക്‌സ് പ്രമുഖരുടെ മേല്‍നോട്ടത്തില്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കിയാണ് പുസ്തകം തയ്യാറാക്കുന്നത്.