Connect with us

Ongoing News

മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പി

Published

|

Last Updated

കേരളത്തിലെ മദ്‌റസ പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന് വിശേഷിപ്പിക്കാവുന്നതാണ് എം എ ഉസ്താദിനെ. 1951-മാര്‍ച്ച് 24,25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ എം എ അവതരിപ്പിച്ച ഒരു പ്രമേയമാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപവത്കരണത്തിന് വഴിതെളിയിച്ചത്. അതിന് മുമ്പ് കണ്ണൂരില്‍ എ എന്‍ കോയക്കുഞ്ഞിയുടെ നേതൃത്വത്തിലും തിരൂരങ്ങാടിയില്‍ കെ മൂസാന്‍ കുട്ടിഹാജിയുടെ നേതൃത്വത്തിലും പ്രാദേശികമായി മദ്‌റസകള്‍ നിലവില്‍ വന്നിരുന്നെങ്കിലും അത് സാര്‍വത്രികമായതും ഏകീകൃത സ്വഭാവം കൈവന്നതും സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ വരവോടെയാണ്.
ഓത്തുപള്ളികളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുമായിരുന്നു അക്കാലത്ത് മുസ്‌ലിംകള്‍ മതപഠനം നടത്തിയിരുന്നത്. മുസ്‌ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്കാകര്‍ഷിക്കാനായി അന്ന് ബ്രിട്ടീഷ് ഭരണകൂടം സ്‌കൂളുകളില്‍ മതപഠനം ഏര്‍പ്പെടുത്തിയിരുന്നു. സ്വതന്ത്ര്യാനന്തരം സ്‌കൂളുകളിലെ മതപഠനം നിരോധിച്ചു. ഓത്തുപള്ളികള്‍ക്കാകട്ടെ വ്യവസ്ഥാപിത രൂപവുമുണ്ടായിരുന്നില്ല. മതപഠനമേഖലയില്‍ സംജാതമായ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് ബദല്‍സംവിധാനം അനിവാര്യമാണെന്നും, ശാസ്ത്രീയവും ഏകീകൃതവുമായ സിലബസ് ഏര്‍പ്പെടുത്തണമെന്നുമായിരുന്നു എം എ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നത്. (വടകര സമ്മേളനത്തിന് തൊട്ട് മുമ്പ് 1951 ഫെബ്രുവരി ലക്കം അല്‍ബയാന്‍ മാസികയില്‍ മതവിദ്യാഭ്യാസത്തെക്കുറിച്ചെഴുതിയ ലേഖനത്തിലും എം എ ഈ ആശയം അവതരിപ്പിച്ചിരുന്നു). സമസ്ത മുശാവറയുടെ സജീവ ചര്‍ച്ചക്ക് വിഷയീഭവിച്ച ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പറവണ്ണയുടെ നേതൃതത്തില്‍ ഒരു സബ്കമ്മിറ്റിക്ക് രൂപംനല്‍കി. എം എയും അംഗമായിരുന്നു ഈ കമ്മിറ്റിയില്‍. സമസ്തയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അന്ന് എം എ.
തുടര്‍ന്ന് അതേ വര്‍ഷം സെപ്തംബര്‍ 17ന് വാളക്കുളത്ത് ചേര്‍ന്ന സബ്കമ്മിറ്റി യോഗം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് രൂപം നല്‍കി. പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, കെ പി ഉസ്മാന്‍ സാഹിബ്, ടി കെ അബ്ദുല്ല മൗലവി, അബൂബക്കര്‍ നിസാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ബോര്‍ഡില്‍ എം എ യുമുണ്ടായിരുന്നു. തുടക്കത്തില്‍ ബോര്‍ഡിന് ആവശ്യമായ പാഠപുസ്തകങ്ങള്‍ തയാറാക്കിയിരുന്നത് പറവണ്ണയായിരുന്നു. പറവണ്ണയുടെ മരണത്തോടെ, അദ്ദേഹത്തിന്റെ മക്കളും വിദ്യാഭ്യാസ ബോര്‍ഡും തമ്മില്‍ പാഠപുസ്തകങ്ങളുടെ റോയല്‍റ്റി സംബന്ധിച്ച് ഭിന്നത ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന്, പുതിയ പുസ്തകങ്ങള്‍ തയാറാക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയും അതിനായി ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ടി കെ അബ്ദുല്ല മൗലവി എന്നിവര്‍ക്കൊപ്പം എം എയും ഈ സമിതിയില്‍ അംഗമായി. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമവും കാര്യക്ഷമവുമാക്കുന്നതില്‍ എം എ വഹിച്ച പങ്ക്‌നിസ്തുലമാണ്.
1989-ല്‍ സമസ്തയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് രൂപം കൊണ്ടപ്പോള്‍ എം എ യായിരുന്നു ജനറല്‍ സെക്രട്ടറി. പിന്നീട് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വന്നപ്പോള്‍ അധ്യക്ഷ സ്ഥാനത്ത് നിയോഗിക്കപ്പെട്ടതും എം എ യായിരുന്നു.
അതിനിടെ മദ്‌റസാധ്യാപകരുടെ സാമ്പത്തികവും തൊഴില്‍ സംബന്ധവുമായ പ്രശ്‌നങ്ങളിലേക്കും എം എ യുടെ ശ്രദ്ധ പതിഞ്ഞു. മുഅല്ലിംകളുടെ അധ്യാപന പ്രാവീണ്യം വര്‍ധിപ്പിക്കാനായി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും സാമ്പത്തിക പ്രാരാബ്ധങ്ങള്‍ക്ക് ഒരളവോളമെങ്കിലും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മുഅല്ലിം ക്ഷേമനിധിയും രൂപവത്കരിക്കുന്നതിന് മുന്‍കൈ എടുത്തത് എം എ ഉസ്താദായിരുന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന് കീഴില്‍ ആദ്യമായി രൂപം കൊണ്ടത് എം എയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ റെയ്ഞ്ചാണ്- 1958-ല്‍്. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 1965-ലാണ് റെയ്ഞ്ചുകളുടെ കേന്ദ്ര കൗണ്‍സില്‍ നിലവില്‍ വരുന്നത്. അന്നതിന്റെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം എ 1976-ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിയോഗിതനായി. മുഅല്ലിം ക്ഷേമനിധി എന്ന ആശയം കൊണ്ടുവന്നതും 1975 ജൂലൈ 25ന് ചേര്‍ന്ന സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കി അവതരിപ്പിച്ചതും എം എ തന്നെ. ആയിരക്കണക്കായ മുഅല്ലിം സുഹൃത്തുക്കള്‍ക്ക് സഹായം നല്‍കി വരുന്ന മുഅല്ലിം ക്ഷേമനിധി ഇന്ന് അതിബൃഹത്തായ ഒരു സേവന പദ്ധതിയായി വളര്‍ന്നു കഴിഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ബഹുജന സംഘടനയായ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയതും എം എ ഉസ്താദായിരുന്നു. 1954-ല്‍ താനൂരില്‍ ചേര്‍ന്ന സമസ്തയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന യുവജന കണ്‍വെന്‍ഷനിലാണ്, സുന്നി യുവാക്കള്‍ക്ക് ഒരു സംഘടന എന്ന ആശയം ഉയര്‍ന്നു വന്നത്. താമസിയാതെ തന്നെ കുറ്റിച്ചിറ അന്‍സാറുല്‍ മുസ്‌ലിമീന്‍ ഓഫീസില്‍ ചേര്‍ന്ന സുന്നിയുവാക്കളുടെ കണ്‍വെന്‍ഷന്‍ സുന്നി യുവജന സംഘമെന്ന പേരില്‍ ഒരു സംഘടനക്ക് രൂപം നല്‍കുകയും പ്രവര്‍ത്തന രൂപരേഖ ആവിഷ്‌കരിക്കുന്നതിന് എം എയെ അധികാരപ്പെടുത്തുകയുമായിരുന്നു. 1962-ല്‍ ഉന്നത പണ്ഡിതന്മാരും നേതാക്കളും ചേര്‍ന്ന് എം എ തയ്യാറാക്കിയ രൂപരേഖ വിശദമയി ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു.
സംഘടനാ രംഗത്തേക്ക് വരുന്നതിന് മുമ്പേ തുടങ്ങിയിരുന്നു എം എ ഉസ്താദിന്റെ പൊതുപ്രവര്‍ത്തനം. 1940-കളുടെ തുടക്കത്തില്‍ തൃക്കരിപ്പൂരിലും പരിസരങ്ങളിലും മയ്യിത്ത് പരിപാലന കര്‍മങ്ങളില്‍ കണ്ടുവന്നിരുന്ന തെറ്റായ രീതികള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിച്ചു കൊണ്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. മയ്യിത്ത് പരിപാലനം മുസ്‌ലിംകളുടെ പൊതുബാധ്യതകളിലൊന്നാണെങ്കിലും വിവരമില്ലായ്മ കാരണം അതിന് മുന്നിട്ടിറങ്ങാന്‍ ആളുകള്‍ക്ക് പൊതുവെ വിമുഖതയായിരുന്നു. ഒരു മരണം സംഭവിച്ചാല്‍ മയ്യിത്ത് കുളിപ്പിക്കാനും കഫം ചെയ്യാനും മറ്റും ബന്ധുക്കള്‍ അടുത്ത പ്രദേശത്ത് നിന്ന് ഏതെങ്കിലും മുക്രിമാരെ തേടിപ്പിടിച്ചു കൊണ്ട് വരികയായിരുന്നു പതിവ്. ഈ മുക്രിമാരില്‍ തന്നെ മയ്യിത്ത് പരിപാലനത്തിന്റെ കര്‍മശാസ്ത്ര വിധികളോ, ശരിയായ രൂപമോ അറിയുന്നവര്‍ വിരളം. ഇതിനൊരു പരിഹാരമെന്ന നിലയില്‍ നാട്ടുകാരെ സംഘടിപ്പിച്ച് എം എ ഉസ്താദ് തന്റെ സ്വന്തം ഉത്തരവാദിത്വത്തില്‍ മയ്യിത്ത് സംസ്‌കരണ മുറകളെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിക്കുകയും മയ്യിത്ത് പരിപാലന സംഘങ്ങള്‍ രൂപവത്കരിക്കുകയും ചെയ്തു. മാത്രമല്ല, നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച് ക്ലാസെടുക്കാന്‍ പ്രാപ്തരായ മതാധ്യാപകരെ വാര്‍ത്തെടുക്കുകയും ചെയ്തു. ഇവര്‍ക്ക് ഒരു ഗൈഡ് എന്ന നിലയിലാണ് അദ്ദേഹം “മയ്യിത്ത് പരിപാലന ക്രമങ്ങള്‍” എന്ന പുസ്തകം എഴുതിയത്.

Latest