Connect with us

Wayanad

ജനഹൃദയങ്ങളില്‍ ഇടം തേടി സ്‌പെഷ്യല്‍ സ്‌കൂള്‍ ബാന്‍ഡ് സംഘം

Published

|

Last Updated

മാനന്തവാടി: വാദ്യോപകരണങ്ങളില്‍ താളം മീട്ടി ജനഹൃദയങ്ങളില്‍ ഇടംപിടിക്കുകയാണ് കുഴിനിലം പുത്തന്‍പുരയിലെ ഫാ.ടെസാസ് സ്‌പെഷ്യല്‍ സ്‌കൂള്‍ ബാന്‍ഡ് സംഘം. ബുദ്ധിപരവും മാനസികവും ശാരീരികവുമായ വൈകല്യങ്ങളെ നേരിടുന്ന വിവിധ പ്രായക്കാരായ പെണ്‍കൂട്ടം കൈകളിലേന്തുന്ന ട്രംപറ്റും ഡ്രമ്മും ഡോളും സിംപിള്‍സും സംഗീതം പൊഴിക്കുമ്പോള്‍ ആസ്വാദകരില്‍ ഉറവയെടുക്കുന്നത് വിസ്മയം. കഴിഞ്ഞദിവസം താഴെ അങ്ങാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സംഘം നടത്തിയ ബാന്‍ഡ് മേളം നൂറുകണക്കിനു ആളുകള്‍ക്ക് വിരുന്നായി. മേളം കഴിഞ്ഞപ്പോള്‍ സംഘാംഗങ്ങളെയും അവര്‍ക്ക് അഭയവും പരിശീലനവും നല്‍കുന്ന സ്‌കൂള്‍ അധികതൃതരെയും അഭിനന്ദനങ്ങള്‍കൊണ്ട് മൂടിയവര്‍ നിരവധി.
13 പേരാണ് ഫാ.ടെസാസ് സ്‌പെഷ്യല്‍ സ്‌കൂള്‍ ബാന്‍ഡ് സംഘത്തില്‍. 12 വയസുള്ള ആദിവാസി പെണ്‍കട്ടി അനിതയാണ് കൂട്ടത്തില്‍ ഇളയത്. മൂത്തത് ആദിവാസിയും അനാഥയുമായ 32കാരി മാധവി. ആഴ്ചകള്‍ നീണ്ട പരിശീലനത്തിലൂടെയാണ് “കുട്ടികള്‍” ബാന്‍ഡ് മേളം നടത്താന്‍ പ്രാപ്തരായതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മരിയ റോസ് പറഞ്ഞു.
1982ല്‍ പടിഞ്ഞാറെത്തറ കുറ്റിയാംവയല്‍ ആസ്ഥാനമായി സെന്റ് കാമിലസ് സന്യാസിനീ സമൂഹം ആരംഭിച്ചതാണ് ഫാ.ടെസാസ് സ്‌പെഷ്യല്‍ സ്‌കൂള്‍. 16 പഠിതാക്കളായിരുന്നു തുടക്കത്തില്‍. കഴിഞ്ഞ ഡിസംബറിലാണ് കുഴിനിലം പുത്തന്‍പുരയില്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റിയത്. നിലവില്‍ 84 പഠിതാക്കളുണ്ട്. ഇതില്‍ 56-ഉം സ്ത്രീകളാണ്. ഏഴാംതരം തുല്യതാ പരീക്ഷ പാസായവരാണ് 13 പേര്‍.
ദിവസങ്ങളോളം നിരീക്ഷിച്ച് അഭിരുചികള്‍ കണ്ടെത്തിയാണ് പഠിതാക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. താളങ്ങളോട് താത്പര്യം കാട്ടിയവരെയാണ് ബാന്‍ഡ് സംഘത്തിന്റെ ഭാഗമാക്കിയത്. കൊട്ടിയൂരിലെ പുന്നത്താനത്ത് പാപ്പച്ചനാണ് പരിശീലകന്‍. കൊട്ടിയൂര്‍ ചുങ്കക്കുന്ന് സെന്റ് മേരീസ് ബാന്‍ഡ് സംഘത്തില്‍ അംഗമായിരുന്ന പാപ്പച്ചന്‍ ആഴ്ചയില്‍ രണ്ട് ദിവസം വിദ്യാലയത്തിലെത്തിയാണ് ശിക്ഷണം നല്‍കുന്നത്. പാഠങ്ങള്‍ പെട്ടെന്ന് മറന്നുപോകുന്നതാണ് അഭ്യസനത്തില്‍ കുട്ടികള്‍ നേരിടുന്ന മുഖ്യപ്രശ്‌നമെന്ന് പാപ്പച്ചന്‍ പറഞ്ഞു. ഒരു ദിവസംപോലും മുടങ്ങാതെയുള്ള പരിശീലനമാണ് ഇതിനു പരിഹാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുഴിനിലത്തും സമീപപ്രദേശങ്ങളിലും തിരുനാള്‍ ആഘോഷങ്ങളിലെ സാന്നിധ്യമാണ് ഫാ.ടെസാസ് സ്‌പെഷ്യല്‍ സ്‌കൂള്‍ ബാന്‍ഡ് സംഘം. കുറച്ചായി പൊതുപരിപാടികളിലേക്കും ക്ഷണം ലഭിക്കുന്നുണ്ട്.
സ്‌കൂളിന്റെ പുതിയ കെട്ടിടത്തിനു ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സൂപ്പര്‍വിഷന്‍ ചാര്‍ജ് ഇനത്തില്‍ നാല് ലക്ഷം രൂപ അടച്ചാലേ ബന്ധപ്പെട്ടവര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ. സൂപ്പര്‍വിഷന്‍ ചാര്‍ജ് ഒഴിവാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനു ഇടപടെണമെന്ന ആവശ്യവുമായി സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ.ജയലക്ഷ്മിക്കും നിവേദനം നല്‍കിയിട്ടുണ്ട്.