National
എ എ പിയുടെ പ്രചാരണ മികവിന് പിന്നില്‍ ഐ ഐ ടി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി ജെ പിയെ ഞെട്ടിച്ച എ എ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഐ ഐ ടിയിലെ പത്ത് വിദ്യാര്‍ഥികള്‍. സോഷ്യല്‍ മീഡികളിലെ പോസ്റ്റുകള്‍ വഴി ജനവിധി എ എ പിക്ക് അനുകൂലമാക്കാന്‍ നവംബറില്‍ തന്നെ പത്തുപേരടങ്ങുന്ന ഈ സംഘം ഒരു റിസര്‍ച്ച് ടൂള്‍ നിര്‍മിച്ചിരുന്നു. ഫേസ്ബുക്ക് ട്വിറ്റര്‍ പോലുള്ള നവ മാധ്യമങ്ങളില്‍ വോട്ടര്‍മാരുടെ വികാരം എ എ പിക്കനുകൂലമാക്കുകയാണ് ഇവര്‍ ചെയതത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന് വേണ്ട ഇതിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തയാക്കിയതും ബോംബേ ഐ ഐ ടി വിദ്യാര്‍ഥികള്‍ തന്നെയാണ്. ഐ ഐ ടി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പ്രചരണ രംഗം എ എ പിക്ക് അനുകൂലമാക്കിയെന്ന് മഹാരാഷ്ട്ര മുന്‍ എ എ പി സെക്രട്ടറി പ്രീതി ശര്‍മ മേനോന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകള്‍ വഴി പുതിയ ചിന്തകളാണ് ജനങ്ങള്‍ക്ക് കൈമാറേണ്ടതെന്നും അത്തരം ചിന്തകള്‍ നല്‍കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ലെന്നും പ്രീതി ശര്‍മ പറഞ്ഞു. ഇന്ത്യയില്‍ 100 മില്യണിലധികം ആളുകള്‍ ഫേസ്ബുക്കും 33 മില്യനിലധികം ആളുകള്‍ ട്വിറ്ററും ഉപയോഗിക്കുന്നുണ്ട്. സ്വതന്ത്രമായ അഭിപ്രായ രൂപവത്കരണം നടത്തുന്നത് ഇതുവഴിയാണ്. എ എ പിയുടെ വിജയകരമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഈ മാധ്യമങ്ങള്‍ക്ക് നല്ല പങ്കുണ്ടെന്ന് മുതിര്‍ന്ന എ എ പി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.
വിദ്യാഭ്യാസത്തെ കുറിച്ചും വൈ ഫൈ സംബന്ധിച്ചുമുള്ള പ്രചാരണങ്ങള്‍ ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മേധാ പട്കര്‍ എ എ പി സ്ഥാനാര്‍ഥിയായപ്പോള്‍ ഐ ഐ ടി വിദ്യാര്‍ഥികള്‍ വന്‍ പിന്തുണയാണ് നല്‍കിയതെന്ന് രാഷ്ട്രീയ ഗവേഷകന്‍ രതികാന്ത് നായക് പറഞ്ഞു. ഐ ഐ ടിയിലെ ബൂത്തില്‍ മാത്രമായിരുന്നു മേധക്ക് മുന്നിലെത്താനായത്. ഇത് ഐ ഐ ടി വിദ്യാര്‍ഥികള്‍ക്ക് എ എ പിയോടുള്ള അനുഭാവമാണ് കാണിക്കുന്നതെന്നും നായക് പറഞ്ഞു. ഡല്‍ഹിയില്‍ എ എ പിക്കായി ക്ലാസുകള്‍ സംഘടിപ്പിച്ചയാളാണ് നായക്.