Connect with us

Ongoing News

നിയമസഭയില്‍ മുഴുവന്‍ സമയം പങ്കെടുത്തത് 13 എം എല്‍ എമാര്‍ മാത്രം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന നിയമസഭ ചേര്‍ന്ന മുഴുവന്‍ ദിവസവും ഏറ്റവും കൂടുതല്‍ സമയം ഹാജരായത് കെ മുരളീധരനടക്കം 13 എം എല്‍ എമാര്‍ മാത്രം. ഏറ്റവും കുറഞ്ഞ ഹാജര്‍ നില എന്‍ സി പി അംഗമായ തോമസ് ചാണ്ടിക്കാണ്. വിവരാവകാശ നിയമം വഴി ലഭിച്ച രേഖയിലാണ് ഈ വിവരങ്ങള്‍. 2011 ല്‍ നിലവില്‍ വന്ന 13-ാം കേരള നിയമസഭ നാല് വര്‍ഷത്തിനിടെ 186 ദിവസമാണ് സമ്മേളിച്ചിരുന്നത്.

എല്ലാ ദിവസങ്ങളിലും സഭയിലെത്തിയത് 13 അംഗങ്ങളാണ്. കെ മുരളീധരന്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, എന്‍ എ നെല്ലിക്കുന്ന്, ടി എ അഹമ്മദ് കബീര്‍, സി കെ സദാശിവന്‍, കെ എസ്. സലീഖ, ബി സത്യന്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, സണ്ണി ജോസഫ്, പി ഉബൈദുല്ല, വി എം ഉമ്മര്‍മാസ്റ്റര്‍, എം എ വാഹീദ് എന്നിവരാണ് സഭ സമ്മേളിച്ച എല്ലാദിവസവും കൃത്യമായി ഹാജരായത്.
ഭരണമുന്നണിയില്‍ കോണ്‍ഗ്രസിന്റെ മൂന്നും ലീഗിന്റെ ഏഴും എം എല്‍ എമാരാണ് ഹാജര്‍ നിലയില്‍ മുന്നിലുള്ളത്. പ്രതിപക്ഷത്തു നിന്ന് എല്ലാ ദിവസവും സഭയിലെത്തിയത് മൂന്ന് സി പി എം പ്രതിനിധികള്‍ മാത്രവും. 186 ദിവസം നിയമസഭ സമ്മേളിച്ചെങ്കിലും, 2013 മുതലുള്ള സഭാ സമ്മേളനങ്ങള്‍ പല തവണയായി ബഹളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകവരെയുണ്ടായി.
13-ാം നിയമസഭയുടെ ഏഴാം സമ്മേളനം മുതല്‍ സൂര്യനെല്ലി കേസ്, കെ ബി ഗണേശ് കുമാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സോളര്‍ അഴിമതി, കടകംപള്ളി ഭൂമിപ്രശ്‌നം, ബാര്‍ പ്രശനവും കോഴയും, പാറ്റൂര്‍ ഭൂമി ഇടപാട് തുടങ്ങിയ വിവാദ വിഷയങ്ങളാണ് സഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ക്ക് ഇടയാക്കിയത്.