Connect with us

Wayanad

സര്‍ക്കാര്‍ സഹായമില്ല ചെറുകിട ഇറച്ചിക്കോഴി വളര്‍ത്തല്‍ വ്യവസായം അടച്ചുപൂട്ടലിന്റെ വക്കില്‍

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ചെറുകിട ഇറച്ചിക്കോഴി വളര്‍ത്തല്‍ വ്യവസായം പ്രതിസന്ധി നേരിടുന്നു. കുടുംബശ്രീകള്‍, സ്വാശ്രയസംഘങ്ങള്‍, സ്വയംതൊഴില്‍ സംരംഭകര്‍ തുടങ്ങിയവര്‍ വരുമാനവര്‍ധന ലക്ഷ്യമാക്കി നടത്തിവന്ന കോഴി ഫാമുകളാണ് നിലനില്‍പ്പിനായി പ്രയാസപ്പെടുന്നത്. 300ഓളം ഫാമുകളാണ് ജില്ലയിലുള്ളത്. എന്നാല്‍, സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ ഇതില്‍ പകുതിയും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതും നികുതി പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഒരു കിലോഗ്രാം ഇറച്ചിക്കോഴിയുടെ ഉല്‍പ്പാദനച്ചെലവ് 70 രൂപയാണ്. കര്‍ഷകന് ലഭിക്കുന്നത് 58 രൂപയാണ്.
അതേസമയം, നികുതി അശാസ്ത്രീയമാണ് താനും. 10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കര്‍ഷകര്‍ 14 ശതമാനമാണ് നികുതി അടക്കേണ്ടത്. ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ നികുതി പരിധി 50 ലക്ഷമായി ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നു പൗള്‍ട്രി ഫാം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍ കെ വര്‍ഗീസ് പറഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ധനവും സെയില്‍ടാക്‌സ് ഉദ്യോഗസ്ഥരുടെ ഇടയ്ക്കിടെയുള്ള പരിശോധനയും കാരണം കൃഷി ഉപേക്ഷിക്കേണ്ടിവരുന്നതായും വര്‍ഗീസ് പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ കോഴിവളര്‍ത്തല്‍ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുമ്പോള്‍ കേരളത്തില്‍ ഇതിനു നടപടിയായിട്ടില്ല.
കര്‍ഷകരെ സഹായിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ പദ്ധതികളില്ല. ഫാം നിര്‍മിക്കാനും മറ്റും വായ്പയും അനുവദിക്കുന്നുമില്ല. ജില്ലയില്‍ പക്ഷിപ്പനി ഭീതി ഉയര്‍ന്നപ്പോഴും കോഴി ഫാമുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കാര്യമായ ശ്രദ്ധ ഉണ്ടായിരുന്നില്ല.
പൂക്കോട് വെറ്ററിനറി കോളജില്‍ 10,000 കോഴിക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ ഹാച്ചറിയുണ്ടായിട്ടും പ്രവര്‍ത്തനരഹിതമാണ്. നിലവില്‍ 25 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളും അനുബന്ധ സാമഗ്രികളും തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയുടെ വില വര്‍ധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കേരളത്തില്‍ ഫീഡ് ഫാക്ടറി ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍നിന്നാണ് തീറ്റകൊണ്ടുവരുന്നത്. കടത്തുകൂലി വര്‍ധിച്ചതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് കാര്യമായ ആദായം ലഭിക്കുന്നില്ല. കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് പാകമാവുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഹോള്‍സെയില്‍ വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതും വിലയിടിയാന്‍ കാരണമാവുന്നു. ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്കോഴിക്ക് ഒരു കിലോഗ്രാമിന് 65 രൂപ വില കണക്കാക്കി 12.5 ശതമാനമാണ് സര്‍ക്കാര്‍ നികുതി സ്വീകരിക്കുന്നത്. ഫീഡ് ഫാക്ടറിയും ഹാച്ചറിയുമുള്ള വന്‍കിട കമ്പനികളാണ് കേരളത്തില്‍ നേരിട്ട് കച്ചവടം നടത്തുന്നത്. ഇവരില്‍ നിന്നു നികുതി പൂര്‍ണമായി പിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പക്ഷിപ്പനി ഭീതിപരത്തി വന്‍കിട മല്‍സ്യക്കച്ചവടക്കാരും മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഉപജീവനമാര്‍ഗമായി കോഴിവളര്‍ത്തല്‍ ആരംഭിച്ച ചെറുകിടക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

---- facebook comment plugin here -----

Latest