Connect with us

Kerala

കൊച്ചിയില്‍ രണ്ട് മാസത്തിനിടെ രണ്ടാമത്തെ കൊക്കെയ്ന്‍ വേട്ട

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ അടുത്തടുത്തായി രണ്ടിടങ്ങളില്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടിയത് വന്‍മയക്കുമരുന്നു ശൃംഖലയുടെ അദൃശ്യ സാന്നിധ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പോലീസ്. കേരളത്തില്‍ അത്യപൂര്‍വമായാണ് കൊക്കെയ്ന്‍ പിടികൂടിയിട്ടുള്ളത്.
മട്ടാഞ്ചേരിയില്‍ മുസിരിസ് ബിനാലെ കാണാനെത്തിയ കോഴിക്കോട് സ്വദേശികളില്‍ നിന്ന് ഒരു മാസം മുമ്പ് പിടികൂടിയ മൂന്ന് ഗ്രാം കൊക്കെയ്‌നും കടവന്ത്രയിലെ ഫഌറ്റില്‍ സിനിമാ താരത്തിന്റെ പക്കല്‍ നിന്ന് പിടികൂടിയ പത്ത് ഗ്രാം കൊക്കെയ്‌നും ഒരേ ഉറവിടത്തില്‍ നിന്ന് വന്നതെന്ന് പോലീസ് സംശയിക്കുന്നു. കേരളത്തില്‍ ഇതിന് മുമ്പ് പോലീസോ എക്‌സൈസോ കൊക്കെയന്‍ പിടിച്ച ചരിത്രമില്ലെന്നാണ് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ ഡിസംബര്‍ 29ന് അരലക്ഷം രൂപയുടെ കൊക്കെയ്‌നുമായി മട്ടാഞ്ചേരി പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന പാലാരിവട്ടത്തെ ഹോട്ടലില്‍ റെയ്ഡ് നടത്തിയിരുന്നു. ഹോട്ടലില്‍ വെച്ച് പേരറിയാത്ത ഒരാളില്‍ നിന്നാണ് കൊക്കെയ്ന്‍ വാങ്ങിയതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പരിശോധനയില്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതേസമയം ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും താമസിച്ച ഫഌറ്റില്‍ നിന്ന് പിടിച്ചെടുത്ത കൊക്കെയ്ന്‍ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് ഗോവയില്‍ പോയപ്പോള്‍ സഹസംവിധായികയായ ബ്ലെസ്സിയും മോഡലായ രേഷ്മയും ചേര്‍ന്ന് വാങ്ങിയതാണെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ രണ്ട് കേസുകളിലും പ്രതികളുടെ മൊഴികള്‍ ശരിവെക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് രണ്ടിന്റെയും ഇടനിലക്കാര്‍ ഒരാള്‍ തന്നെയാണോ എന്ന് പോലീസ് പരിശോധിക്കാനൊരുങ്ങുന്നത്.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയെയും ബാംഗളൂരൂ സ്വദേശിനി ബ്ലെസ്സി സില്‍വസ്റ്റര്‍, മോഡലുകളായ ചെങ്ങന്നൂര്‍ സ്വദേശിനി ടിന്‍സി, എറണാകുളം സ്വദേശിനി രേഷ്മ, ദുബായിലെ ട്രാവല്‍ മാര്‍ട്ട് ഉടമയായ സ്‌നേഹ എന്നിവരെയും വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. മട്ടാഞ്ചേരിയില്‍ കൊക്കെയന്‍ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി പോലീസ് ഇവരെ ചോദ്യം ചെയ്യും. മട്ടാഞ്ചേരിയില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശികളായ ചാലപ്പുറം കീര്‍ത്തി നഗര്‍ കോളനി അഭിഗാര്‍ ഹൗസില്‍ ഇര്‍ഷാദ് (30), കല്ലായി ഷാസില്‍ ചിറക്കല്‍പ്പറമ്പ് ഹൗസില്‍ സംജിത് (29), അരിക്കുളം വില്ലേജ് അമൃത ഹൗസില്‍ ബിജോയി (32) എന്നിവര്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ.് ഇവരെയും വീണ്ടും ചോദ്യം ചെയ്യും. ഇതോടെ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നു മാഫിയക്ക് കേരളത്തിലുള്ള കണ്ണികളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
നിശാപാര്‍ട്ടികളില്‍ ലൈംഗിക ഉത്തേജനത്തിനും ഉന്‍മാദത്തിനും വേണ്ടിയാണ് കൊക്കെയ്ന്‍ ഉപയോഗിക്കുന്നത്. അതിസമ്പന്നര്‍ ഉപയോഗിക്കുന്ന കൊക്കെയ്ന്‍ ചെറിയ അളവിലാണെങ്കിലും പിടികൂടിയതിന് വലിയ പ്രാധാന്യമുണ്ടെന്ന് പോലീസ് പറയുന്നു. സിനിമാ താരത്തിനൊപ്പം പിടിയിലായ സഹസംവിധായിക ബ്ലെസ്സി സില്‍വസ്റ്ററിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബംഗളൂരു മലയാളിയായ ബ്ലെസ്സിക്ക് മയക്കു മരുന്നു മാഫിയകളുമായി നേരിട്ട് ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. ബ്ലെസ്സി നിര്‍ബന്ധിച്ചതിനെ തുടന്നാണ് ഫഌറ്റിലെത്തിയതെന്ന് ഷൈന്‍ ടോം പോലീസിനെ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ പരസ്പരം ബന്ധപ്പെടുന്നത്. വാട്ട്‌സ് ആപ്പിലൂടെ ബന്ധപ്പെട്ടാണ് ഷൈനും നാല് യുവതികളും കടവന്ത്രയിലെ ഫഌറ്റില്‍ ഒത്തുകൂടിയതെന്ന് പോലീസ് പറഞ്ഞു.
പഞ്ചനക്ഷത്ര നിലവാരത്തില്‍ ജീവിക്കുന്ന അതിസമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ നാല് യുവതികളും. ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെറും സാധാരണക്കാരന്‍ മാത്രമായ ഷൈന്‍ ടോം ചാക്കോ ഇവരുടെ വലയില്‍ പെട്ടുപോയതാണെന്ന് പോലീസ് കരുതുന്നു. സിനിമയില്‍ ബന്ധങ്ങള്‍ വിപുലമാക്കാനുള്ള അവസരങ്ങളായാണ് ഇയാള്‍ ഇത്തരം പാര്‍ട്ടികളെ കണ്ടതെന്നും അതിനപ്പുറമുള്ള പങ്ക് ഇക്കാര്യത്തില്‍ ഷൈന്‍ ടോമിനില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സിനിമാ, മോഡല്‍ രംഗത്തു നിന്നുള്ള പ്രമുഖര്‍ ഇവരുടെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.
സെക്യൂരിറ്റിക്കാരനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തൃശൂരില്‍ അറസ്റ്റിലായ കടവന്ത്രയിലെ ഫഌറ്റ് ഉടമ നിസാമിനെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നു. എന്നാല്‍ അറസ്റ്റിലായവരില്‍ നിന്ന് ഇയാളുടെ പങ്കിനെക്കുറിച്ച് എന്തെങ്കിലും മൊഴി ലഭിച്ചാല്‍ മാത്രമേ നിസാമിനെ ചോദ്യം ചെയ്യാന്‍ കഴിയൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.