‘ലാലിസം’ പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശം

Posted on: February 1, 2015 11:35 am | Last updated: February 2, 2015 at 12:11 am

lalism-തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ സംഘടിപ്പിച്ച പ്രശസ്ത നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസം പരിപാടിക്കെതിരെ വ്യാപക വിമര്‍ശം. മോഹന്‍ലാലും സംഗീത സംവിധായകന്‍ രതീഷ് വേഗയും ചേര്‍ന്നുണ്ടാക്കിയ സംഗീത ബാന്റായ ലാലിസത്തിന്റേയും അരങ്ങേറ്റ വേദിയായിരുന്നു ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ്. പരിപാടി നിലവാരമില്ലത്തതാണെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി.
ഈ പരിപാടിക്ക് സര്‍ക്കാര്‍ രണ്ട് കോടി നല്‍കിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദേശീയ ശ്രദ്ധ നേടുന്ന ഒരു വേദിയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കരുതായിരിന്നു. ഇത് സംഘടിപ്പിച്ചതിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്ത് ഗുണമാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു. ഒരു കോടിയുടെയെങ്കിലും അഴിമതി ഈ പരിപാടിയില്‍ മാത്രം നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.
വിനയനെ കൂടാതെ നിരവധി സോഷ്യല്‍ മീഡിയാ ആക്ടിവിറ്റുകളും പരിപാടിക്കെതിരെ രംഗത്തെത്തി. മോഹന്‍ലാല്‍ ആരാധകരും പരിപാടിയോടുള്ള അതൃപ്തി മറച്ചുവച്ചില്ല. നേരത്തെ റെക്കൊര്‍ഡ് ചെയ്ത ഗാനങ്ങള്‍ പാടി ഗായകര്‍ സ്റ്റേജില്‍ അഭിനയിക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നു. പരിപാടിക്ക് സര്‍ക്കാര്‍ ഗെയിംസ് ഫണ്ടില്‍ നിന്ന് രണ്ട് കോടി നല്‍കിയത് നേരത്തെ വിവാദമായിരുന്നു.

LALISM