Connect with us

Ongoing News

തിരുവങ്ങൂരിന്റെ ചുവടുറപ്പിച്ചത് ഖാലിദ് ഗുരുക്കളുടെ ശിക്ഷണം

Published

|

Last Updated

കോഴിക്കോട്: തിരുവങ്ങൂര്‍ എച്ച് എസ് എസിലെ കുട്ടികള്‍ കോല്‍ക്കളി തുടങ്ങിയപ്പോള്‍ തന്നെ സദസ്സിലുള്ള ആസ്വാദകരില്‍ ചിലര്‍ പറഞ്ഞു, ഒന്നാം സ്ഥാനം ഇവര്‍ക്ക് തന്നെ. ഈ രംഗത്ത് വര്‍ഷങ്ങളായി പരിചയമുള്ള പലരിലും അത്രക്ക് വിശ്വാസ്യത തിരുവങ്ങൂര്‍ കൈവരിച്ചിരുന്നു. ഈ കുത്തക കാക്കാന്‍ തിരുവങ്ങൂരിന് കരുത്തായത് കഴിഞ്ഞ 35 വര്‍ഷമായി കോല്‍ക്കളിയെ നെഞ്ചോട് ചേര്‍ത്തുവെച്ച ഖാലിദ് ഗുരുക്കളുടെ ശിക്ഷണം തന്നെയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഖാലിദ് ഗുരുക്കളുടെ തണലിലാണ് തിരുവങ്ങൂരിലെ കുട്ടികള്‍. ഇതില്‍ ആറ് തവണ അവര്‍ കരീടം ചൂടി. കൂടാതെ സംസ്ഥാനത്തെ മറ്റ് പല സ്‌കൂളുകളിലെ കുട്ടികളും ഖാലിദ് ഗുരുക്കളെ ശിക്ഷണത്തില്‍ കളി പഠിക്കുന്നു. ഇവരില്‍ പലരും പല തവണ സംസ്ഥാന തലത്തില്‍ ചാമ്പ്യന്‍മാരായി.
കല്യാണ പാട്ടും മറ്റും ഉള്‍പ്പെടുത്തി ആധുനികവത്കരിച്ച കോല്‍ക്കളിയുമായാണ് പല സ്‌കൂളുകളും രംഗത്തുവരുന്നത്. എന്നാല്‍ ഖാലിദ് ഗുരുക്കളുടെ ശിക്ഷണം ഇപ്പോഴും കളരി മുറയുടെ മാര്‍ഗത്തില്‍, പാരമ്പര്യ രീതിയില്‍ തന്നെയാണ്. മദ്ഹ് ഗാനങ്ങളും മാപ്പിള ശീലുകളും പാടി ദ്രുതതാളത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ വിജയം കൈപ്പിടിയിലൊതുക്കുന്നു.. എളിമയാണ് ഖാലിദ് ഗുരുക്കളുടെ മുഖമുദ്ര. നേട്ടങ്ങളുടെ പടവുകള്‍ ഓരോന്നും കീഴടക്കുമ്പോഴും അമിതാഹ്ലാദമോ താന്‍പോരിമയോ അദ്ദേഹത്തിനില്ല.
പിതാവ് ഖാദര്‍ ഗുരുക്കളില്‍ നിന്ന് പകര്‍ന്നു കിട്ടിയ അറിവുകളാണ് ഖാലിദിനെ ആയോധന കലകളുടെ ആചാര്യനാക്കിയത്. കോല്‍ക്കളിക്ക് പുറമെ മറ്റ് മാപ്പിള കലകളെയും അളവറ്റ് സ്‌നേഹിക്കുന്ന ഈ കൊയിലാണ്ടിക്കാരന്‍ കഴിഞ്ഞ 17 വര്‍ഷമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പരിശീലിപ്പിച്ചുവരുന്നു. തിരുവങ്ങൂരിനെ കൂടാതെ മറ്റ് രണ്ട് സ്‌കൂള്‍ ടീമിനെയും അദ്ദേഹം ഇത്തവണ പരിശീലിപ്പിക്കുന്നു. ഇതില്‍ ഒരു ടീം എ ഗ്രേഡും നേടി.