Connect with us

International

ഇസ്‌റാഈലിനെതിരെ തുറന്ന ആക്രമണവുമായി തുര്‍ക്കി

Published

|

Last Updated

അങ്കാറാ/ടെല്‍ അവീവ്: ഇസ്‌റാഈലും തുര്‍ക്കിയും തമ്മില്‍ പുതിയ വാക്‌പോരിന് തുടക്കമിട്ട് തുര്‍ക്കി പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഷാര്‍ളി ഹെബ്‌ദോ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാരീസില്‍ നടന്ന ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് ധാര്‍മിക അവകാശമില്ലെന്നും അദ്ദേഹം ഗാസക്ക് നേരെ നടത്തിയ ആക്രമണം കാര്‍ട്ടൂണിസ്റ്റ്ഹത്യയേക്കാള്‍ ഗുരുതരമാണെന്നും തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവോദോഗ്‌ലു പറഞ്ഞതാണ് വാക്‌പോരിന് തിരികൊളുത്തിയിരിക്കുന്നത്. നെതന്യാഹു മാനവരാശിക്കെതിരായി യുദ്ധക്കുറ്റം നടത്തിയയാളാണ്. അങ്ങനെയൊരാള്‍ക്ക് ഷാര്‍ളി ഹെബ്‌ദോ സംഭവത്തെ അപലപിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്ന് ദാവോദോഗ്‌ലു ചോദിക്കുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇതേ ആശയം മുന്നോട്ട് വെച്ചിട്ടുണ്ട്.
കടപ്പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കു മേലും ആശുപത്രിക്കും സ്‌കൂളുകള്‍ക്കും മേലും ബോംബ് വര്‍ഷിക്കുന്ന രാജ്യത്തിന്റെ ഭരണത്തലവന്‍ യുദ്ധക്കുറ്റവാളിയല്ലാതെ മറ്റെന്താണ്? ഒറ്റപ്പെട്ടവര്‍ക്ക് സഹായവുമായി പോയ കപ്പല്‍ ആക്രമിച്ച് സന്നദ്ധ പ്രവര്‍ത്തകരെ വകവരുത്തിയ രാഷ്ട്രമാണ് അതെന്നോര്‍ക്കണം- ദാവോദോഗ്‌ലു തുറന്നടിച്ചു. 2010ല്‍ ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട മാവി മര്‍മര കപ്പല്‍കൂട്ടത്തെ ഇസ്‌റാഈല്‍ നാവിക സേന അന്താരാഷ്ട്ര ജല അതിര്‍ത്തിയില്‍ ആക്രമിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. സംഭവത്തില്‍ എട്ട് തുര്‍ക്കി സന്നദ്ധ പ്രവര്‍ത്തകരും തുര്‍ക്കി വംശജനായ ഒരു അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് ഇസ്‌റാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച തുര്‍ക്കി, തങ്ങളുടെ സ്ഥാനപതിയെ ടെല്‍ അവീവില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇസ്‌റാഈലും ഇത് ആവര്‍ത്തിച്ചു. പിന്നീട് യു എസ് ഇടപെട്ട് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഏറെക്കുറെ സാധാരണ നിലയിലായ ബന്ധമാണ് ഷെര്‍ളി ഹെബ്‌ദോയുടെ പേരിലുള്ള അഭിപ്രായവ്യത്യാസം മൂലം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്നത്. കപ്പല്‍ കൂട്ടം ആക്രമണത്തില്‍ ഇസ്‌റാഈല്‍ ക്ഷമ പറഞ്ഞിരുന്നു.
തുര്‍ക്കി നടത്തുന്നത് അനാവശ്യ പരാമര്‍ശങ്ങളാണെന്നും സെമിറ്റിക് വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും ഇസ്‌റാഈലിലെ തീവ്രവലതുപക്ഷ നേതാവും വിദേശകാര്യ മന്ത്രിയുമായ അവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു. ഹമാസിനെ തീവ്രവാദ സംഘടനയായി തങ്ങള്‍ കാണുന്നില്ലെന്ന തുര്‍ക്കി പ്രധാനമന്ത്രിയുടെ വാക്കുകളും ഇസ്‌റാഈലിന് അസഹ്യമാണ്.

Latest