Connect with us

Kerala

പ്രവാസികളുടെ കേസുകള്‍ പരിഗണിക്കാന്‍ എന്‍ ആര്‍ ഐ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: പ്രവാസികളുടെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പഞ്ചാബ് മാതൃകയില്‍ പ്രത്യേക എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നോര്‍ക്കയുടെ സഹകരണത്തോടെ ആഭ്യന്തര വകുപ്പിനു കീഴിയില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ക്വാസി ജുഡീഷ്യല്‍ കമ്മീഷനായിരിക്കും രൂപവത്കരിക്കുകയെന്നും ചെന്നിത്തല പറഞ്ഞു. ആഗോള പ്രവാസി കേരളീയ സംഗമത്തോടനുബന്ധിച്ച് ആദ്യ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കമ്മീഷന്‍ പരിഗണിക്കും. കമ്മീഷന്‍ രൂപവത്കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ പൂര്‍ണ അധികാരമുള്ള കമ്മീഷനെയാണ് വിഭാവനം ചെയ്യുന്നത്. പ്രവാസികളുടെ സ്വത്തിനും കുടുംബങ്ങള്‍ക്കുമെതിയായ അക്രമങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനാണ് ഇത്തരമൊരു നിയമ സംവിധാനത്തിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുന്നതെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികളുമായി ബന്ധപ്പെട്ടതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെ മിനി പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കും. ഇതിനായി വിമാനത്താവള അധികൃതര്‍ സ്ഥലം വിട്ടു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പൂ വിപ്ലവത്തിന് ശേഷം കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ സാമൂഹിക രാഷ്ട്രീയാവസ്ഥ പാടേ മാറിയിട്ടുണ്ട്. കൂടാതെ സ്വദേശിവത്കണവും ശക്തി പ്രാപിക്കുന്നു. ഇത് വിദേശ രാജ്യങ്ങളില്‍ തൊഴിലന്വേഷിക്കുന്നവരെ പുതിയ തൊഴിലിടങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരാക്കുകയാണ്. ദക്ഷിണാഫ്രിക്ക പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മികച്ച തൊഴിലവസരങ്ങളാണ് വളര്‍ന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു.