Connect with us

Editorial

ഉന്നത വിദ്യാഭ്യാസം വിഹിതം കുറക്കരുത്

Published

|

Last Updated

ഉന്നതവിദ്യാഭ്യാസത്തിന് പ്രഖ്യാപിച്ച സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച 16,900കോടി രൂപയില്‍ നിന്ന് 3,900 കോടിയാണ് വെട്ടിക്കുറച്ചത്. 13,000 കോടിയാണ് പുതിയ വിഹിതം. അഞ്ച് ഐ ഐ ടികള്‍ക്കും മൂന്ന് ഐ ഐ എമ്മുകള്‍ക്കും പാര്‍ലിമെന്റിന്റെ അവസാന ബജറ്റ് സെഷനില്‍ പ്രഖ്യാപിച്ച 500 കോടി 65 കോടിയായി കുറച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ നീക്കിവെച്ച തുകയിലും ഗണ്യമായ കുറവ് വരുത്തി. 2200 കോടിക്ക് പകരം 397 കോടി മാത്രമാണ് പുതിയ വിഹിതം.
ദേശീയതലത്തില്‍ ബജറ്റിന്റെ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കണമെന്നാണ് നിര്‍ദേശമെങ്കിലും ഇതിന്റെ പകുതിയോളമേ നിലവില്‍ സര്‍ക്കാര്‍ മുടക്കുന്നുള്ളൂ. ഈ വിഹിതത്തില്‍ പിന്നെയും പിറകോട്ടു പോകുമ്പോള്‍ മേഖലയില്‍ അത് ഗുണകരമല്ലാത്ത പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ “റൂസ” (രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍) പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ്. രാജ്യത്തെ 316 സര്‍വകലാശാലകളും 13,024 കോളജുകളും കീഴില്‍ വരുന്ന റൂസ പദ്ധതിക്ക് 2013 ഒക്‌ടോബറില്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയപ്പോള്‍, 12, 13 പഞ്ചവത്സര പദ്ധതിക്കാലങ്ങളിലായി ഒരു ലക്ഷം കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നായിരുന്നു വാഗ്ദാനം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ നീക്കിവെച്ച തുകയിലെ ഭീമമായ വെട്ടിക്കുറവ് റൂസയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
ശാക്തിക രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണനേതൃത്വം. ഈ രംഗത്ത് വിദ്യാഭ്യാസത്തിന്റെ പങ്ക് പ്രഥമഗണനീയമാണ്. വിവിധ വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം കൈവരിച്ച മാനവ വിഭവശേഷിയായിരിക്കും സമീപഭാവിയില്‍ മറ്റെന്തിനേക്കാളും മികച്ച സമ്പത്ത്. വികസിത രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയില്‍ ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള ആസൂത്രണവും പദ്ധതി ആവിഷ്‌കരണവും നടന്നുവരികയാണ്. മാത്രമല്ല, 2020-തോടെ ഇന്ത്യയില്‍ 20നും 40നുമിടയില്‍ പ്രായമുള്ള 12 കോടി ചെറുപ്പക്കാര്‍ ഉണ്ടാകുമെന്നും അടുത്ത കാല്‍ നൂറ്റാണ്ട് കാലത്തെ ആഗോള തൊഴില്‍ അവസരങ്ങള്‍ നികത്താന്‍ ഇന്ത്യന്‍ യുവത്വത്തെയാണ് ലോകം കാത്തിരിക്കുന്നതെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ അവലോക റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അവസരം പ്രയോജനപ്പെടുത്തണമെങ്കില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവും പരിശീലനവും കൈവരിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് രക്ഷിതാക്കള്‍ കൂടുതല്‍ ബോധവാന്മാരുമാണ്. മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന ചിന്താഗതി രക്ഷിതാക്കളില്‍ വളര്‍ന്നുവന്നിട്ടുണ്ട്. അതേസമയം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരില്‍ പത്തില്‍ താഴെ ശതമാനത്തിന് മാത്രമേ രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നുള്ളൂ. ചൈനയില്‍ ഇത് 20 ശതമാനത്തിന് മുകളിലാണ്. ഈ കുറവ് പരിഹരിച്ച് കൂടുതല്‍ വിദ്യാസമ്പന്നരെ വാര്‍ത്തെടുക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണമെന്ന് ഇന്ത്യന്‍ വിജ്ഞാന കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാഭ്യാസത്തിന് അനുവദിച്ച വിഹിതം കൂടി സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നത്!
വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യ സംരംഭകര്‍ക്കും കോര്‍പറേറ്റുകള്‍ക്കും അതിനെ തീറെഴുതിക്കൊടുത്ത്, ഈ രംഗത്തുനിന്നും പൂര്‍ണമായും പിന്‍വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ ചൂഷണങ്ങള്‍ക്കും മൂല്യശോഷണത്തിനും വര്‍ഗീയവത്കരണത്തിനും വഴിവെക്കും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളും സ്ഥാപനങ്ങളും വിദ്യാഭ്യാസ വിനിമയത്തില്‍ ശ്രദ്ധയൂന്നുന്നതിലുപരി സാമ്പത്തിക ലാഭത്തിനാണ് ഊന്നല്‍ നല്‍കുക. ഉന്നത വിദ്യാഭ്യാസം പണമുള്ളവനു മാത്രമായി ചുരുങ്ങുകയും പാവപ്പെട്ടവന് നിഷേധിക്കപ്പെടുകയുമായിരിക്കും ഫലം. ലക്ഷങ്ങള്‍ നല്‍കി വിദ്യാഭ്യാസം നേടിയവര്‍ക്കാകട്ടെ സമൂഹത്തോടോ രാജ്യത്തോടോ പ്രതിബദ്ധതയുണ്ടാവുകയുമില്ല. സാംസ്‌കാരിക രംഗത്തും ഇത് ഗുരുതരമായ ഭവിഷ്യത്തുളവാക്കും. കോര്‍പറേറ്റുകളും സമ്പന്നവര്‍ഗവും നടത്തുന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളില്‍ സ്വാഭാവികമായും മുതലാളിത്ത സാംസ്‌കാരം അടിച്ചേല്‍പ്പിക്കാനായിരിക്കും ശ്രമിക്കുക. ഒരു കാലത്ത് സാമ്രാജ്യത്വ, മുതലാളിത്ത ശക്തികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിക്കുകയും സദാചാരമൂല്യങ്ങള്‍ക്ക് കുറേയൊക്കെ വില കല്‍പ്പിക്കുകയും ചെയ്തിരുന്ന ക്യാമ്പസുകളെ ഫാഷന്‍ പരേഡും ചീഞ്ഞളിഞ്ഞ മുതലാളിത്ത ആശയങ്ങളും കീഴടക്കിക്കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലും നിയന്ത്രണവും സര്‍ക്കാര്‍ തലത്തില്‍ തന്നെ തുടരുകയും പൊതുവിദ്യാഭ്യാസ മേഖലക്കുള്ള സഹായം വര്‍ധിപ്പിച്ച് അതിനെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്.