Connect with us

Malappuram

ജനസേവനം സമയബന്ധിതമാക്കാന്‍ ഇ-ഭരണം: മന്ത്രി പി കെ അബ്ദുര്‍റബ്ബ്

Published

|

Last Updated

മലപ്പുറം: ജനസേവനം സമയബന്ധിതമായി നടപ്പാക്കുകയാണ് “സദ്ഭരണത്തിന് ഇ-ഭരണം” പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ജനങ്ങളുടെ പരാതികളും അവര്‍ക്കാവശ്യമായ രേഖകളും സ്വന്തം ഭവനത്തില്‍ വച്ചുതന്നെ പരിഹരിക്കപ്പെടുകയും ലഭ്യമാവുകയും ചെയ്യുന്നതാണ് പദ്ധതി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ വഴി നടപ്പാക്കുന്ന “സദ്ഭരണത്തിന് ഇ-ഭരണം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷകള്‍ ഓണ്‍ലൈനാവുകയും പഴയ പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്യലും സാധ്യമാകുന്ന ഈ കാലഘട്ടത്തില്‍ സാങ്കേതിക സാധ്യതകളിലേക്ക് സാധാരണക്കാരെക്കൂടി കൊണ്ടുവരാന്‍ സാധിക്കണം.
വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച ജീവിതത്തിലെ എല്ലാ മേഖലകളെയും സ്വാധീനിച്ച സാഹചര്യത്തില്‍ അതിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നവരും അല്ലാത്തവരും എന്ന തരത്തില്‍ ഒരു “ഡിജിറ്റല്‍ വിഭജനം” നിലനില്‍ക്കുന്നുണ്ടെന്നും അത് മാറേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓരോ പ്രദേശത്തെയും ജനങ്ങളുടെ സാമ്പത്തികം, വിദ്യാഭ്യാസം, പ്രായം എന്നീ വസ്തുതകളിലൂള്ള വ്യത്യാസം മനസ്സിലാക്കിയാണ് ഇ-ഗവേണന്‍സ് സംബന്ധിച്ചുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ പ്രചരണം നടത്തുക. ഭരണസംവിധാനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനും അവയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പരിപാടിയില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എം. എല്‍.എ അധ്യക്ഷത വഹിച്ചു.
പദ്ധതി സംബന്ധിച്ച് ലളിതമായ വിവരണങ്ങളോടെ എറണാകുളം സെന്റ് തെരേസാസ് കോളേജ് ധനതത്വ ശാസ്ത്ര വിഭാഗം തയ്യാറാക്കിയ “വിവരനിധി” എന്ന കൈപ്പുസ്തകം തിരൂര്‍ നഗരസഭാധ്യക്ഷ സഫിയ ടീച്ചര്‍ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. വിജയകുമാര്‍ ആമുഖപ്രഭാഷണം നടത്തി. കേരള, എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രോജക്ട് ഓഫീസര്‍ ആര്‍ വിജയന്‍, എന്‍.എസ്എസ് ടെക്‌നിക്കല്‍ സെല്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് രവി മോഹന്‍, എറണാകുളം സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സെലിന്‍ ഇ, എറണാകുളം സെന്റ് തെരേസാസ് കോളേജ് ധനതത്വശാസ്ത്ര വിഭാഗം മേധാവി ഡോ. നിര്‍മ്മല പത്മനാഭന്‍, എസ് എസ്.എം പോളിടെക്‌നിക്ക് കോളജ് പ്രിന്‍സിപ്പല്‍ മേജര്‍ കെ. അമീറലി, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി പി എച്ച് സുബൈര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അന്‍വര്‍ എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.

Latest