Connect with us

Kozhikode

പരിശോധനകള്‍ പ്രഹസനം: അനധികൃത അറവുശാലകള്‍ വ്യാപകം

Published

|

Last Updated

കോഴിക്കോട്: മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇതുവരെ ജില്ലയില്‍ യാതൊരു നടപടിക്രമങ്ങളും പ്രാവര്‍ത്തികമായിട്ടില്ല. വിശേഷ ദിവസങ്ങളിലും മറ്റും ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും അറവുശാലകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഓലക്കീറ് വലിച്ചുകെട്ടി നിര്‍മിച്ച പെട്ടിക്കടകളില്‍ വരെ ഇറച്ചിവില്‍പ്പന പരസ്യമായി നടക്കുന്നുണ്ട്. ഒഴിഞ്ഞ പറമ്പുകളിലും വാടക കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറികളിലും വെച്ചാണ് മത്സ്യം വില്‍പ്പന നടത്തുന്നത്. എന്നാല്‍ ഇത്തരം കടകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ പോലും ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. അറവുശാലകളില്‍ നിന്നുള്ള മാലിന്യം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. മാംസാവശിഷ്ടങ്ങള്‍ റോഡരികിലും തോടുകളിലും കുടിവെള്ള സ്രോതസ്സുകളിലും നിക്ഷേപിക്കാറുണ്ട്. പാതയോരത്ത് ഇറച്ചി വ്യാപാരം പാടില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. പൊടിശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പോലും യാതൊരു മറയുമില്ലാതെയാണ് ഇറച്ചിവില്‍പ്പന തകൃതിയായി നടക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയ മാംസാവശിഷ്ടങ്ങള്‍ ജലാശയങ്ങളിലും റോഡരികിലും നിക്ഷേപിക്കുന്നതും സര്‍വസാധാരണമാണ്.
മാടുകളെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിയമം. അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ സാനിട്ടറി ഇന്‍സ്‌പെക്ടറോ ഇറച്ചി പരിശോധിച്ച് സീല്‍ ചെയ്യണം എന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. സംസ്ഥാനത്ത് 298 അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്രാമ പഞ്ചായത്തുകളില്‍ നവീന അറവ് ശാലകള്‍ നിര്‍മിക്കുന്നതിന് ശുചിത്വ മിഷന്‍ നോഡല്‍ ഏജന്‍സിയാകുമെന്നും ശാസ്ത്രീയമായി അറവുശാലകളില്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും ഗ്രാമപഞ്ചായത്തുകള്‍ വഴി ഇക്കാര്യത്തില്‍ നിര്‍ദേശം നടപ്പിലാക്കുമെന്നും മന്ത്രി എം കെ മുനീര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രവര്‍ത്തനങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല.

---- facebook comment plugin here -----

Latest