Connect with us

Kerala

സ്‌കൂള്‍ കലോല്‍സവം: വേദികള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ വോക്കി ടോക്കി

Published

|

Last Updated

കോഴിക്കോട്: സംഘാടന മികവു കൊണ്ടും പുതിയ പരീക്ഷണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ അമ്പതാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ശേഷം വീണ്ടുമെത്തുന്ന മേളയിലും പുതുമകള്‍ക്കും പരീക്ഷണങ്ങള്‍ക്കും അവസരമൊരുങ്ങുന്നു. കലോല്‍സവ വേദികളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇത്തവണ വോക്കി ടോക്കി ഉപയോഗിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ് ശ്രദ്ധേയമാകുന്നത്. കലോല്‍സവത്തിന്റെ നടത്തിപ്പുകാരായ പ്രധാന സംഘാടകരും സ്‌റ്റേജ് മാനേജര്‍മാരും തമ്മിലുള്ള ആശയവിനിമയത്തിനാണ് വോക്കി ടോക്കി ഉപയോഗിക്കുന്നത്. വാടകക്കെടുത്ത 30 വോക്കി ടോക്കികകളാണ് മേളയില്‍ ഉപയോഗിക്കുക. ഇതിനായി ലൈസന്‍സുള്ള കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.

കലോല്‍സവ വേദിയിലെ മാനേജര്‍മാര്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ ഇതുവരെ മൊബൈല്‍ ഫോണും വളണ്ടിയര്‍മാര്‍ വഴി കൊടുത്തു വിടുന്ന കുറിപ്പുകളുമാണ് ഉപയോഗിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം ഏറെ പരാതിക്കിടയാക്കിയിരുന്നു. ഇത് നിയന്ത്രിക്കുകയാണ് വോക്കി ടോക്കി എന്ന ആശയത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. വിവിധ വേദികളില്‍ പ്രധാനപ്പെട്ട അറിയിപ്പുകള്‍ കുറിപ്പുകള്‍ വഴി എത്തിക്കുമ്പോഴുണ്ടാകുന്ന കാലതാമസവും ഇതുവഴി ഇല്ലാതാക്കാം. കലോല്‍സവത്തിന്റെ ഭക്ഷണശാലയിലേക്കും പ്രധാന സബ്കമ്മിറ്റി ഓഫീസുകളിലേക്കും സന്ദേശങ്ങള്‍ കൈമാറാനും ഇവ ഉപയോഗിക്കും.
സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉപയോഗത്തിനായി അടുത്ത വര്‍ഷം മുതല്‍ വോക്കി ടോക്കികള്‍ സ്വന്തമായി വാങ്ങാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കലോല്‍സവ വേദികള്‍ക്കുള്ളില്‍ ഒഫീഷ്യലുകളുടെ തള്ളിക്കയറ്റം തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും ഡി പി ഐ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. സ്റ്റേജ് മാനേജര്‍, അനൗണ്‍സര്‍, ടൈമര്‍, റിസല്‍ട്ട് മാനജര്‍മാര്‍ എന്നിവരാണ് മല്‍സരം നടക്കുമ്പോള്‍ വേദിക്കുള്ളിലുണ്ടാകുക. സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ട്രോഫി നല്‍കാനുള്ള തീരുമാനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest