Connect with us

Business

ഓഹരി സൂചിക തകര്‍ച്ച നേരിടുന്നു;' ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു

Published

|

Last Updated

ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപ തകര്‍ച്ചയില്‍ നിന്ന് തിരിച്ചു വരവ് കാഴച്‌വെച്ചെങ്കിലും ഓഹരി സൂചികക്ക് നേരിട്ട തിരിച്ചടി തുടരുന്നു. എന്‍ എസ് ഇ നിഫ്റ്റി സൂചിക 110 പോയിന്റും ബി എസ് ഇ സെന്‍സെക്‌സ് 430 പോയിന്റും കഴിഞ്ഞവാരം ഇടിഞ്ഞു.
പോയവാരം കനത്ത പ്രഹരമേറ്റത് സ്റ്റീല്‍, റിയാലിറ്റി, പവര്‍, ബേങ്കിംഗ് ഓഹരികള്‍കാണ്. ടെക്‌നോളജി, എഫ് എം സി ജി വിഭാഗം ഓഹരികള്‍ മികവ് കാണിച്ചു. എസ് ബി ഐ, ഐ സി ഐ സി ഐ, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ബി എച്ച് ഇ എല്‍, എച്ച് ഡി എഫ് സി, ടാറ്റാ പവര്‍, ഹിന്‍ഡാല്‍ക്കോ, എന്‍ റ്റി പി സി, ഐ റ്റി സി, ബജാജ് ഓട്ടോ, എല്‍ ആന്‍ഡ് റ്റി തുടങ്ങിവയുടെ നിരക്കും കുറഞ്ഞു.
വിദേശ നിക്ഷേപകര്‍ മാരുതി, ടാറ്റാ മോട്ടേഴ്‌സ്, എച്ച് ഡി എഫ് സി എന്നിവ ശേഖരിക്കാന്‍ വാരാന്ത്യം ഉത്സാഹിച്ചു. ഇന്‍ഫോസീസ് ടെക്‌നോളജിയുടെ തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് ഫണ്ടുകളെ ഐ റ്റി ഓഹരികളിലേക്ക് അടുപ്പിച്ചത്.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം 2816.47 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി.
നിഫ്റ്റി 8069-8440 റേഞ്ചില്‍ ചാഞ്ചാടിയ ശേഷം മാര്‍ക്കറ്റ് ക്ലോസിംഗ് വേളയില്‍ 8284 പോയിന്റിലാണ്. ഈവാരം 8459 ലും 8635 ലും പ്രതിരോധവും 8088 ലും 7893 ലും താങ്ങും പ്രതീക്ഷിക്കാം.
മുന്‍ നിര ഓഹരികളില്‍ അനുഭവപ്പെട്ട ശക്തമായ വില്‍പ്പന സമ്മര്‍ദം മൂലം സെന്‍സെക്‌സ് തുടക്കത്തിലെ 28,064 ല്‍ നിന്ന് 27,000 ലെ താങ്ങും തകര്‍ത്ത് 26,776 ലേക്ക് പതിച്ചു. വാരാന്ത്യം സൂചിക 27,458 ലാണ്. സൂചികയുടെ തകര്‍ച്ചക്ക് ഇടയില്‍ മുന്‍ നിരയിലെ ആറ് കമ്പനികളുടെ വിപണി മൂല്യം 52,781 കോടി രൂപ ഇടിഞ്ഞു. ഐ സി ഐ സി ഐ, ഐ റ്റി സി, റ്റി സി എസ്, എസ് ബി ഐ, ആര്‍ ഐ എല്‍, കോള്‍ ഇന്ത്യന്‍ തുടങ്ങിയവക്ക് തിരിച്ചടി.
ബി എസ് ഇ യില്‍ 15,597 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 83,908 കോടി രൂപയുടെയും ഇടപാടുകള്‍ കഴിഞ്ഞവാരം നടന്നു. തൊട്ട് മുന്‍വാരം ഇത് 11,892 കോടിയും 56,194 കോടി രൂപയുമായിരുന്നു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം 97 പൈസ ഉയര്‍ന്നു. ഒരവസരത്തില്‍ 63.29 ലേക്ക് ഇടിഞ്ഞ രൂപ വാരാന്ത്യം 62.12 ലാണ്. കഴിഞ്ഞ മാസം രൂപ 64.03 ലേക്ക് താഴ്ന്നിരുന്നു. ഡോളര്‍ വിറ്റഴിക്കാന്‍ ബേങ്കുകളും കയറ്റുമതിക്കാരും തിടുക്കം കാണിച്ചു. ആഗോള വിപണിയില ക്രൂഡ് ഓയില്‍ വില ബാരലിന് 48 ഡോളറിലേക്ക് താഴ്ന്നു. സ്വര്‍ണം ഔണ്‍സിനു 1189 ഡോളറില്‍ നിന്ന് 1224 ഡോളറായി.
യു എസ് മാര്‍ക്കറ്റുകള്‍ വാരാന്ത്യം വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു. ഡൗ ജോണ്‍സ് സുചികയും എസ് ആന്റ് പി 500 ഇന്‍ഡക്‌സും നാസ്ഡാകും താഴ്ന്നു.