Connect with us

Gulf

മദാം വളരുന്നു; നഗരമായി

Published

|

Last Updated

ഷാര്‍ജ: മദാം നഗരമായി വളരുകയാണ് അതിവേഗം. എമിറേറ്റിന്റെ കിഴക്കന്‍ പ്രദേശമാണ് മദാം. ഒമാനോട് അടുത്ത് കിടക്കുന്നു. റോളയില്‍ നിന്നു ഏകദേശം 100 കിലോമീറ്റര്‍ ദൂരമുണ്ട്. ഒരു മണിക്കൂറോളം വാഹനത്തില്‍ യാത്ര ചെയ്താല്‍ ഈ കിഴക്കന്‍ നഗരത്തിലെത്താം. ധ്രുതഗതിയിലാണ് വികസനം. നഗരം കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്നു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലാണ് അധികൃതരുടെ മുഖ്യ ശ്രദ്ധ.
മദാം നഗരസഭയാണ്. പോലീസ് സ്റ്റേഷന്‍, ആശുപത്രി, ഉദ്യാനങ്ങള്‍, നഗരസഭ കാര്യാലയം തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാണ്.
മദാം റൗണ്ട് എബൗട്ടില്‍ പണിത മസ്ജിദ് വിശ്വാസികള്‍ക്ക് ഏറെ പ്രയോജനകരമാണ്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം കൂറ്റന്‍ കെട്ടിട സമുച്ഛയങ്ങളും ഉയര്‍ന്നുവരുന്നു. ഒരു റൗണ്ട് എബൗട്ടിനു ചുറ്റും വ്യാപിച്ചു കിടക്കുകയാണ് നഗരം. നഗരത്തിനു സൗന്ദര്യം പകരാന്‍ പൂക്കള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
ദുബൈ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു എളുപ്പം എത്തിപ്പെടാന്‍ സാധിക്കും. മദാമിലേക്ക് പണിത പുതിയ റോഡ് ഗതാഗതം സുഗകരമാക്കുന്നു. ഹത്ത, അല്‍ ഐന്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നു എളുപ്പം എത്തിപ്പെടാന്‍ കഴിയും. ഒമാനിലേക്ക് അധികം ദൂരമില്ല. ഒമാനിലേക്കുള്ള പ്രധാന വഴിയും മദാമിലൂടെയാണ്. ഇതു വഴിയുള്ള യാത്രക്കാരില്‍ നല്ലൊരു ശതമാനവും ഒമാനികളാണ്. കച്ചവടവും പ്രധാനമായും അവരുടേത് തന്നെ. ടൂറിസ്റ്റുകളുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നാണിത്. സമീപ പ്രദേശങ്ങളിലെ കച്ചവട കേന്ദ്രവും ഇതു തന്നെ.
ധാരാളം മലയാളികള്‍ താമസിക്കുന്നുണ്ട്. നല്ലൊരു ശതമാനം പേരും വിവിധ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നു. റെസ്റ്റോറന്റുകളും, കഫ്‌തേരിയകളും, ഗ്രോസറികളും, സൂപ്പര്‍ മാര്‍ക്കറ്റുകളുമാണ് മലയാളികളുടെ പ്രധാന സ്ഥാപനങ്ങള്‍. ഉപഭോക്താക്കളില്‍ വലിയൊരു ഭാഗം ഒമാനികളാണ്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കഫ്‌തേരിയകളുടെ വന്‍ ശൃംഖല തന്നെ മദാമിലുണ്ട്. നിശബ്ദ നഗരമാണ്. ജനത്തിരക്കു കുറവായതിനാല്‍ ശാന്തത നിലനില്‍ക്കുന്നു. ചുറ്റും മരു പ്രദേശമാണ്. സമീപത്തെ മലകളും കുന്നുകളും നഗരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.
മദാം- ഒമാന്‍ പാതയിലൂടെ നിത്യവും ആയിരക്കണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. ഒമാനില്‍ നിന്നുള്ളവരാണ് അധികവും. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് പലരും. അടുത്തിടെ റോളയോടൊപ്പം ഇവിടത്തെയും കെട്ടിട വാടകയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. താരതമ്യേന വാടക കുറഞ്ഞ പ്രദേശമായിട്ടാണ് മദാമിനെ വിലയിരുത്തിയിരുന്നത്. അതു കൊണ്ടുതന്നെ താമസത്തിനും കച്ചവടം ആരംഭിക്കാനും പ്രവാസികളടക്കമുള്ളവര്‍ ഇവിടുത്തേക്ക് ശ്രദ്ധ പതിപ്പിച്ചിരുന്നു.
ധ്രുതഗതിയില്‍ വികസനം നടക്കുന്നതിനാല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും മറ്റും ഏറെ സാധ്യതയുണ്ട്.

---- facebook comment plugin here -----

Latest