Connect with us

National

സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ബദായൂനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. കോണ്‍സ്റ്റബിള്‍ അവിനാശ് യാദവിനെ ബറേലി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ ഈ കേസില്‍ കുറ്റാരോപിതരാണ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമം നടത്താന്‍ കൂട്ടു പ്രതികളെ സഹായിച്ചതിനാണ് യാദവിനെതിരെ കേസ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പോലീസ് നടത്തിയ ഓപറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബറേലി സിറ്റ് പോലീസ് സൂപ്രണ്ട് രാജീവ് മെഹോര്‍ട്ടാ പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് അഞ്ച് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിരുന്നു. പ്രതികളായ രണ്ട് പോലീസ് പോലീസുകാരെയും സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിട്ടുണ്ട്. മുസാ ജഗ് പോലീസ് സ്റ്റേഷനിലെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ സസ്‌പെന്‍ഷനിലാണ്.
പ്രാഥമിക കര്‍മങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോണ്‍സ്റ്റബിള്‍ പിടിച്ചുകൊണ്ടുവന്ന് സ്റ്റേഷനിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ബദായൂനില്‍ കഴിഞ്ഞ മെയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.