Connect with us

National

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ഛത്തീസ്ഗഢില്‍ ബി ജെ പിക്ക് കാലിടറി

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പരാജയം. സംസ്ഥാനത്ത് അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് ബി ജെ പി പരാജയം രുചിച്ചത്. 10 കോര്‍പറേഷനുകളില്‍ മിന്നും ജയം നേടി പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് കാഴ്ചവെച്ചു. ബി ജെ പി നാലിടങ്ങളിലും സ്വതന്ത്രര്‍ രണ്ടിടങ്ങളിലും വിജയിച്ചു. 2009ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി ആറെണ്ണത്തില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് മൂന്നെണ്ണം മാത്രമാണ് നേടാനായത്.
2003 മുതല്‍ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി രമണ്‍ സിംഗിന് ഈ പരാജയം അപ്രതീക്ഷിതമാണ്. പ്രതീക്ഷിച്ചത് പോലെ വിജയം നേടാനാകാത്തത് പുനരവലോകനം ചെയ്യുമെന്ന് രമണ്‍ സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാര്‍ട്ടിയുടെ മുഖം അദ്ദേഹമായിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രചാരണത്തിനെത്തിയിരുന്നു. നല്ല വിജയം സമ്മാനിക്കണമെന്ന് കഴിഞ്ഞ 12 ാം തീയതി സംസ്ഥാനത്തെത്തിയ അമിത് ഷാ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പതിനൊന്ന് സീറ്റുകളില്‍ ഒന്നു മാത്രം നേടിയ കോണ്‍ഗ്രസിന് തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടിരുന്നു.
അതേസമയം, കഴിഞ്ഞ നവംബറില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ 13 സ്ത്രീകള്‍ മരിച്ച ബിലാസ്പൂര്‍ മേഖലയില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് മേഖലയിലെ പരാജയത്തിന് കാരണമെന്ന് വിലയിരുത്തലുണ്ട്. ബിലാസ്പൂരില്‍ ബി ജെ പിയുടെ കിഷോര്‍ റായ് ആണ് മേയര്‍. കോണ്‍ഗ്രസിനെ റാംശരണ്‍ യാദവിനെയാണ് പരാജയപ്പെടുത്തിയത്. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന മുന്‍ മുഖ്യമന്ത്രി അജിത് ജോഗി, സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ചു. ഇതു കാരണമാണ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത്. തന്റെ അഭിപ്രായം മാനിച്ചെങ്കില്‍ ബിലാസ്പൂരിലും പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് അനുകൂലമാണ് തിരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടിക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ബിലാസ്പൂരിലും ജയിക്കാമായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപേഷ് ബാഗല്‍ പറഞ്ഞു.