Connect with us

National

തമിഴ്‌നാട്ടില്‍ 'അമ്മ സിമന്റ്' വിപണിയിലിറക്കി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി അമ്മ സിമന്റ് വിപണിയിലിറങ്ങി. 190 രൂപയാണ് ഒരു ചാക്ക് സിമന്റിന്റെ വില. ജയലളിത മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പദ്ധതിയാണിത്. ജയലളിതയുടെ പേരില്‍ തന്നെയാണ് സിമന്റ് പുറത്തിറക്കിയിരിക്കുന്നത്.

തിരുച്ചിറപ്പള്ളിയില്‍ ആദ്യ ഗോഡൗണ്‍ തുറന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടമായി അഞ്ച് ഗോഡൗണുകളാണ് തുറക്കുന്നത്. ക്രമേണ ഇത് സംസ്ഥാനത്താകമാനം വ്യാപിപ്പിക്കും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 190 രൂപ നിരക്കില്‍ 100 ചതുരശ്ര അടിക്ക് 50 ചാക്കും 1500 ചതുരശ്ര അടിക്ക് 750 ചാക്കുമാണ് ലഭിക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് സിമന്റ് വിതരണം ചെയ്യുന്നത്. വീടിന്റെ അറ്റകുറ്റ പണികള്‍ക്കായി 10 മുതല്‍ 100 വരെ ചാക്ക് സിമന്റ് ലഭിക്കും. പണിയാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ രൂപ രേഖ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നല്‍കി അംഗീകാരം നേടിയാല്‍ മാത്രമേ സിമന്റ് അനുവദിക്കുകയുള്ളൂ.