National
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് 'മിഷന്‍ ശാക്തീകരണ്‍'

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ വികസന അജന്‍ഡ മുന്‍നിര്‍ത്തി “മിഷന്‍ ശാക്തീകരണ്‍” എന്ന പദ്ധതിയുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സുരക്ഷയുമാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. മുന്‍ പ്രാശ്യത്തെ എന്‍ ഡി എ സര്‍ക്കാറും “നയെ റോഷ്‌നി” എന്ന പേരില്‍ പദ്ധതി കൊണ്ടുവന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. യുവ മുസ്‌ലിം വനിതകള്‍ക്ക് വേണ്ടി നേതൃപാടവത്തിനുള്ള പരിപാടിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍ യു പി എ സര്‍ക്കാര്‍ ഇത് ആരംഭിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. വിദ്യാഭ്യാസത്തിന്റെയും നിര്‍മാണാത്മകമായ മറ്റ് മേഖലകളുടെയും മുഖ്യധാരയിലേക്ക് മുസ്‌ലിം സ്ത്രീകളെ കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ മോദി ഉയര്‍ത്തിയ “സബ്കാ സാത്, സബ്കാ വികാസ്” എന്ന മുദ്രാവാക്യത്തിന്റെ പുലര്‍ച്ചയാണ് ഈ പദ്ധതിയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
ന്യൂനപക്ഷ സ്ത്രീകളുടെ നേതൃപാടവ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ 12.50 കോടി രൂപ അനുവദിച്ചിരുന്നു. സര്‍ക്കാറേതര സംഘടനകള്‍ വഴിയാണ് ഇത് നടപ്പില്‍ വരുത്തുക. നിലവിലെ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കഴിവുള്ള ന്യൂനപക്ഷ യുവാക്കളെയുണ്ടാക്കുകയും പ്ലേസ്‌മെന്റുമാണ് ലക്ഷ്യം.