ഐ എ എം ഇ കലോത്സവം: തൃശൂര്‍ സോണ്‍ ജേതാക്കള്‍

Posted on: January 1, 2015 12:56 am | Last updated: December 31, 2014 at 10:57 pm

ഇരിങ്ങാലക്കുട: കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളില്‍ രണ്ട് ദിവസമായി നടന്ന ഐ എ എം ഇ സഹോദയ സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചു. 131 മത്സര ഇനങ്ങളിലായി 1678 പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ 1087 പോയിന്റ് നേടി തൃശൂര്‍ സോണ്‍ ഓവറോള്‍ കരീടം കരസ്ഥമാക്കി. മലപ്പുറം(1053) രണ്ടാം സ്ഥാനവും കോഴിക്കോട്(970) മൂന്നാം സ്ഥാനവും നേടി.
സ്‌കൂള്‍ തലത്തില്‍ മലപ്പുറം മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ 352 പോയിന്റ് നേടി ഒന്നാം സ്ഥാനവും, 343 പോയിന്റ് നേടി കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും, കണ്ണൂര്‍ മാട്ടൂര്‍ സഫാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 290 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. വ്യക്തിഗതാ ചാമ്പ്യന്‍ഷിപ്പായ സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റിന് കുന്നംകുളം ചിറക്കല്‍ ഐ ജി ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനി പി ആര്‍ ശില്‍പ്പ, കോഴിക്കോട് എരഞ്ഞിപ്പാലം മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ആദില്‍ അബൂബക്കര്‍ എന്നിവര്‍ അര്‍ഹരായി.
സമാപന ചടങ്ങില്‍ ഐ എ എം ഇ ചെയര്‍മാന്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് വിജയികള്‍ക്ക് ട്രോഫികളും ബഹുമതിപത്രവും സമ്മാനിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി വി മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സണ്ണിച്ചന്‍ മാത്യു, കോ ഓര്‍ഡിനേറ്റര്‍ പി കെ മുഹമ്മദ് റിയാസ്, പി എം ശാഹുല്‍ ഹമീദ് മാസ്റ്റര്‍, പ്രൊഫ. കെ കോയട്ടി, പി സി അബ്ദുര്‍റഹ്്മാന്‍, പി എ സിദ്ദീഖ് ഹാജി, സി പി അശ്‌റഫ്, വി എം കോയ മാസ്റ്റര്‍, ടി എസ് ഹമീദ്, കെ എം ഷമീം, കെ എം അബ്ദുര്‍റഷീദ് പ്രസംഗിച്ചു.