പള്‍സ് പോളിയോ: ജില്ലയില്‍ ഒരുക്കം തുടങ്ങി

Posted on: December 31, 2014 12:49 pm | Last updated: December 31, 2014 at 12:49 pm

പാലക്കാട്: പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനായി രാജ്യവ്യാപകമായി നടക്കുന്ന പള്‍സ് പോളിയോ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 18, ഫെബ്രുവരി22 തീയതികളില്‍ തുള്ളിമരുന്ന് വിതരണം നടക്കും.
പി എച്ച് സികള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റേഷനുകള്‍, തൊഴിലിടങ്ങള്‍, നഗര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2000 ത്തിലേറെ ബൂത്തുകളിലാണ് പോളിയോ തുളളിമരുന്ന് നല്‍കുക.
ജില്ലയിലെ അഞ്ച് വയസില്‍ താഴെയുളള 2,35,000 കുട്ടികളെയാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു.
വിവിധ ജില്ലാ വകുപ്പ് മേധാവികള്‍ പങ്കെടുത്ത ടാസ്‌ക്‌ഫോഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എ ഡി എം യു നാരായണന്‍കുട്ടി അധ്യക്ഷനായിരുന്നു. ദൂരസ്ഥലങ്ങളില്‍ തുളളിമരുന്ന് വിതരണം സാധ്യമാക്കുന്നതിന് എഴുപതിലേറെ മൊബൈല്‍ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
പദ്ധതി ജില്ലയില്‍ വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു. ഏഴ് ലക്ഷത്തോളം വീടുകളില്‍ പദ്ധതിയുടെ സന്ദേശമെത്തിക്കുന്നതിന് മൂവായിരത്തോളം സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴിയും ഇത് സാധ്യമാക്കാന്‍ നടപടികളെടുക്കും. അഞ്ച് വയസിന് താഴെയുളള മുഴുവന്‍ കുട്ടികള്‍ക്കും തുളളിമരുന്ന് ലഭിച്ചുവെന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്ന് എ ഡി എം യു നാരായണന്‍കുട്ടി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും ഇത് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ സി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, റോട്ടറി ക്ലബ്ബ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നായി ആവശ്യമായ വളണ്ടിയര്‍മാരെ തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോളിയോ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച പോളിയോ സര്‍വീലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൈറബാനു പറഞ്ഞു.
ഡെപ്യൂട്ടി ഡി എം ഒ ഡോ.കെ എ നാസര്‍ ആരോഗ്യവകുപ്പ് ജില്ലാ മാസ്മീഡിയ ഓഫീസര്‍ കെ എസ് ലീല സംസാരിച്ചു.