Connect with us

Kozhikode

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം; ഉന്നതതല ചര്‍ച്ച എട്ടിന്

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനുവരി എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഉന്നതതലയോഗം തിരുവനന്തപുരത്ത് ചേരും. ഈ യോഗത്തില്‍ പുനരധിവാസ പാക്കേജുകള്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ചേംമ്പറില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്തിന്റെ റീസര്‍വ്വേ ഉടന്‍ പൂര്‍ത്തിയാക്കാനും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിക്കാനുമായി സ്റ്റേറ്റ്‌ലെവല്‍ എംപവേഡ് കമ്മിറ്റി യോഗം ചേരുകയും അന്തിമതീരുമാനമെടുക്കുകയും ചെയ്യും. സ്ഥലവും വീടും പൂര്‍ണമായും നഷ്ടപ്പെടുന്ന മൂന്ന് കുടുംബങ്ങളെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി കൈക്കൊള്ളും. കുടിയൊഴിക്കപ്പെടുന്നവര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ആവശ്യമായ നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എം കെ രാഘവന്‍ എം പി, മേയര്‍ പ്രൊഫ. എം കെ പ്രേമജം, ജില്ലാ കലക്ടര്‍ സി എ ലത, കെ സി ആര്‍ ഐ പി തഹസില്‍ദാര്‍ എന്‍ റംല, എന്‍ സുദര്‍ശനന്‍ പിള്ള, ഡെപ്യൂട്ടി കലക്ടര്‍ സി മോഹനന്‍, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, പി എന്‍ ശശികുമാര്‍ പങ്കെടുത്തു.