Connect with us

Kozhikode

ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നിര്‍ത്തുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാന്‍

Published

|

Last Updated

കൊടുവള്ളി: അടുത്ത ഏപ്രില്‍ മുതല്‍ കെ എസ് ആര്‍ ടി സിയുടെ ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി പകരം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള നീക്കം സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന് ആക്ഷേപം. ദേശസാത്കൃത റൂട്ടായ വയനാട് ഉള്‍പ്പെടെ ദീര്‍ഘദൂര യാത്രക്കാര്‍ ഏറെയും ടി ടി ബസുകളെയാണ് ആശ്രയിക്കുന്നത്.
ഇതേ റൂട്ടുകളില്‍ ഓവര്‍ലാപ്പിംഗ് പ്രകാരം നിരവധി സ്വകാര്യ ബസുകളും ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്നുണ്ട്. കെ എസ് ആര്‍ ടി സിക്ക് ലിമിറ്റഡ് സ്റ്റോപ്പ്, ലോക്കല്‍ സര്‍വീസുകള്‍ കുറവാണ്. ഈയവസരത്തില്‍ ടി ടി ബസുകള്‍ പിന്‍വലിക്കുന്നപക്ഷം ദീര്‍ഘദൂര യാത്രക്കാര്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ആശ്രയിച്ചേക്കും. കെ എസ് ആര്‍ ടി സിയുടെ ഫാസ്റ്റ് ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ്പ്, ടി ടി സര്‍വീസുകളെ അപേക്ഷിച്ച് വലിയ ചാര്‍ജ് നല്‍കേണ്ടതുണ്ട്. ഇപ്പോള്‍ പല ദീര്‍ഘദൂര സര്‍വീസുകളിലും ട്രെയിന്‍ യാത്രാ നിരക്ക് കുറവായതിനാല്‍ യാത്രക്കാരില്ലാത്ത അവസ്ഥയാണ്. ടി ടി സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നപക്ഷം മലബാറിലെ പല റൂട്ടുകളിലും യാത്രാ ക്ലേശം വര്‍ധിക്കും. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രമായി അനുവദിച്ച കോടതി വിധിയുടെ മറവിലാണ് ടി ടി സര്‍വീസുകള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്. കോഴിക്കോട്-വയനാട് റൂട്ടിലടക്കം ഓവര്‍ ലാപ്പിംഗ് പോലും പാലിക്കാതെ ദീര്‍ഘദൂര സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ ലക്ഷക്കണക്കിന് രൂപയാണ് കെ എസ് ആര്‍ ടി സിക്ക് നഷ്ടമാകുന്നത്.