ആഭ്യന്തര മന്ത്രിയുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

Posted on: December 31, 2014 12:39 am | Last updated: December 30, 2014 at 11:39 pm

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ജനങ്ങള്‍ക്ക് സംവദിക്കാനും പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് അറിയിക്കാനും സഹായിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങളുമായി കൂടുതല്‍ സംവദിക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് പ്രകാശന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നിരവധി സവിശേഷതകളാണ് ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ എല്ലാ ദിവസത്തെയും പരിപാടികള്‍ ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഐഡിയാ ബോക്‌സ് എന്ന വിഭാഗത്തില്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുള്ള വിവിധ നയപരിപാടികള്‍ എല്ലാ മാസവും ഈ ആപഌക്കേഷനില്‍ പോസ്റ്റ് ചെയ്യും. അതിനെക്കുറിച്ചുള്ള പൊതുജനങ്ങള്‍ക്കുള്ള ആശയങ്ങള്‍ മന്ത്രിയുമായി പങ്കുവെക്കാന്‍ ഐഡിയാ ബോക്‌സിലൂടെ കഴിയും. അഴിമതി എവിടെ കണ്ടാലും, അല്ലെങ്കില്‍ അത്തരത്തിലുള്ള അഴിമതികള്‍ ഉണ്ടായാലും അപ്പോള്‍ തന്നെ ഈ ആപഌക്കേഷന്‍ വഴി ആഭ്യന്തര മന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാം. ഓപറേഷന്‍ കുബേര, സേഫ് ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ്, നിര്‍ഭയ തുടങ്ങി ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഏത് തരം പരിപാടികളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് മന്ത്രിയുമായി ആശയവിനമയം നടത്താം.
മൊബൈല്‍ ആപ്ലിക്കേഷനില്‍ അഭിപ്രായ സര്‍വേയ്ക്കുള്ള പ്രത്യേക വിഭാഗവും ഉണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ച് അഭിപ്രായ സര്‍വേകള്‍ നടത്താനും, ജനങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാനും വേണ്ടിയാണ് ഈ സൗകര്യം. ഈ സര്‍വേകളില്‍ ജനങ്ങള്‍ പ്രധാന്യം കൊടുക്കുന്ന വിഷയങ്ങളില്‍ മന്ത്രിയുടെ അടിയന്തര ശ്രദ്ധ പതിയും. പ്രധാന വിഷയങ്ങള്‍ ഉന്നയിക്കുന്നവരെ താന്‍ നേരിട്ട് വിളിച്ച് ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല അറിയിച്ചു. ഇതിന് പുറമേ, ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍,വീഡിയോ ക്ലിപ്പിംഗുകള്‍ എന്നിവ ഈ ആപഌക്കേഷനിലൂടെ ലഭ്യമാകും.
മന്ത്രിയുടെ സന്ദര്‍ശന പരിപാടി ഏത് ജില്ലയിലാണെന്നും, എപ്പോള്‍, എവിടെ ചെന്നാല്‍ അദ്ദേഹത്തെ നേരിട്ടു കാണാമെന്നുമുള്ള വിവരങ്ങള്‍ ഈ ആപഌക്കേഷനിലൂടെ ലഭ്യമാകും. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ പോലീസ് ഉദ്യേഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ആപഌക്കേഷനില്‍ ലഭ്യമാകും. സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ സീനിയര്‍ പോലീസ് ഉദ്യേഗസ്ഥന്‍മാരെ വരെ ജനങ്ങള്‍ക്ക് ഏത് അടിയന്തിര ഘട്ടത്തിലും ഈ ആപ്ലിക്കേഷന്‍ വഴി ബന്ധപ്പെടാനാകും.