Connect with us

Ongoing News

നിരവധി മോഷണക്കേസില്‍ പ്രതിയായ മടവൂര്‍ വിഭാഗം പള്ളി ഇമാം അറസ്റ്റില്‍

Published

|

Last Updated

കായംകുളം: കൊറ്റുകുളങ്ങര സലഫി മസ്ജിദ് ഇമാം മോഷണക്കേസില്‍ അറസ്റ്റിലായി. തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്ന പള്ളിയിലെ വിശ്രമമുറിയില്‍ നിന്ന് യുവതിയെയും പോലീസ് പിടികൂടി. കൊറ്റുകുളങ്ങര മസ്ജിദുല്‍ ഇഹ്‌സാനിലെ താത്കാലിക ഇമാമായ കൊറ്റുകുളങ്ങര പടിഞ്ഞാറ് തട്ടാന്‍തറയില്‍ മന്‍സൂറി (27) നെയാണ് തെന്മല എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയായ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ സ്വര്‍ണം പള്ളിയുടെ വിശ്രമമുറിയില്‍ ഒളിപ്പിച്ചതായി സമ്മതിച്ചത്.
ഇതനുസരിച്ച് തെന്മല എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് തൊണ്ടിമുതലെടുക്കാനായി മന്‍സൂറുമായി കൊറ്റുകുളങ്ങര പള്ളിയുടെ വിശ്രമമുറിയിലെത്തി. പൂട്ടിയിരുന്ന മുറി ബലമായി തുറന്നപ്പോള്‍ മുറിക്കുള്ളില്‍ ഒരു യുവതി ഇരിക്കുന്നതായി കണ്ടു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും പാതിരപ്പള്ളി സ്വദേശിനിയാണെന്നും ട്രെയിനില്‍ വന്നിറങ്ങിയപ്പോള്‍ പരിചയക്കാരനായ ഷിബു എന്ന യുവാവ് ബൈക്കില്‍ തന്നെ ഈ മുറിയിലെത്തിച്ച ശേഷം മുറി പുറത്തു നിന്നും പൂട്ടി ബൈക്കില്‍ എവിടെയോ പോയെന്ന് യുവതി പോലീസിനോടു പറഞ്ഞു. മന്‍സൂറിനെക്കൊണ്ട് മുറിക്കുള്ളില്‍ നിന്നും തൊണ്ടി മുതല്‍ എടുത്ത ശേഷം യുവതിയേയും കൂട്ടി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ജനക്കൂട്ടം കാരണം ജീപ്പില്‍ കയറ്റാന്‍ കഴിഞ്ഞില്ല. പിന്നീട് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും വനിതാ പോലീസ് ഉള്‍പ്പെടെ കൂടുതല്‍ പോലീസ് സംഘം എത്തിയാണ് ഇരുവരെയും ജീപ്പില്‍ കയറ്റി കായംകുളം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്‍സൂറിനെ പോലീസ് തെന്മലയിലേക്ക് കൊണ്ടുപോയി. മന്‍സൂറിനെ ചോദ്യം ചെയ്തതില്‍ നിന്നും ഷിബുവിന്റെ കൈയിലുള്ളത് മോഷ്ടിച്ച ബൈക്കാണെന്നും ഇരുവരും ചേര്‍ന്നാണ് മോഷണം നടത്തുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഷിബുവിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മടവൂര്‍ വിഭാഗത്തിന്റെ അധീനതയിലുള്ള പള്ളിയാണ് മസ്ജിദുല്‍ ഇഹ്‌സാന്‍.
മസ്ജിദുല്‍ ഇഹ്‌സാനിലെ ഇമാം അവധിയില്‍ നാട്ടില്‍ പോയത് കാരണം താത്കാലിക ഇമാമായി മന്‍സൂറിനെ നിയമിക്കുകയായിരുന്നുവെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest