Ongoing News
ഭക്ഷ്യ സുരക്ഷാനിയമം;1.77 കോടി മലയാളികള്‍ പരിധിക്ക് പുറത്ത്

തിരുവനന്തപുരം;ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ എ പി എം സി(കാര്‍ഷിക ഉത്പന്ന, വിപണന സമിതി) നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാന്‍. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടെ സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നതിന്റെ പരിധിയില്‍ നിന്ന് കേരളത്തിലെ 1.77 കോടി ജനങ്ങള്‍ പുറത്താകും. ഇവര്‍ക്ക് ആനുകൂല്യം ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യം നഷ്ടപ്പെടാത്ത വിധം പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
തക്കാളി, ഉള്ളി തുടങ്ങിയവയുടെ വില നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. അവശ്യവസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തി ഇത്തരം ഉത്പന്നങ്ങള്‍ പൂഴ്ത്തിവെക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ശിക്ഷാകാലാവധി ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി ഉയര്‍ത്തും.
കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ച മാര്‍ഗരേഖയനുസരിച്ച് കേരളത്തില്‍ നിന്ന് 1.54 കോടി ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുകയെന്ന് മന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളില്‍ നിന്ന് 39.5 ശതമാനവും ഗ്രാമീണമേഖലയില്‍ നിന്ന് 52.63 ശതമാനവും പേര്‍ പദ്ധതിയില്‍ ഉള്‍പ്പെടും.
ഇവര്‍ക്ക് കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ ഗോതമ്പും മൂന്നുരൂപ നിരക്കില്‍ അരിയും ലഭ്യമാകും. കഴിഞ്ഞ 15ന് ചേര്‍ന്ന യോഗത്തില്‍ വച്ച് മാര്‍ച്ച് 31നകം ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമെന്ന് കേരളം ഉറപ്പു നല്‍കിയിണ്ട്.
നിലവില്‍ 62 ലക്ഷം എ പി എല്‍ കാര്‍ഡ് ഉടമകളും 15 ലക്ഷം ബി പി എല്‍ കാര്‍ഡുകാരും ആറ് ലക്ഷം എ എ വൈ വിഭാഗത്തില്‍പ്പെട്ടവരുമാണ് സംസ്ഥാനത്തുള്ളത്. നിയമം നടപ്പാക്കുന്നതോടെ എ പി എല്‍, ബി പി എല്‍ വേര്‍തിരിവ് ഇല്ലാതാവും. സംസ്ഥാനത്ത് എഫ് സി ഐയുടെ പക്കല്‍ 2.4 ലക്ഷം മെട്രിക് ടണ്‍ അരിയും 0.54 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും നിലവില്‍ സ്റ്റോക്ക് ഉണ്ട്. ഇത് കേരളത്തിലെ മൂന്ന് മാസത്തെ പൊതുവിതരണ ആവശ്യത്തിന് പര്യാപ്തമാണ്. കഴിഞ്ഞ വര്‍ഷം മൂന്ന്ജില്ലകളിലായി 15000 മെട്രിക് ടണ്‍ സംഭരണ ശേഷി കൂട്ടി. ഇതിന് പുറമേ, അങ്ങാടിപ്പുറത്ത് 5000 മെട്രിക് ടണ്‍ ശേഷിയിലും പാണക്കാടിനടുത്ത് ഊരകത്ത് 20000 മെട്രിക് ടണ്‍ ശേഷിയിലും പുതിയ സംഭരണികള്‍ കൊണ്ടുവരും. സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ തൊഴിലാളികളെ ലഭിക്കാത്തതും തൊഴിലാളികള്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ തയ്യാറാകാത്തതും എഫ് സി ഐയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.