Connect with us

National

ബീഹാറില്‍ എസ് പിക്കെതിരെ കീഴുദ്യോഗസ്ഥയുടെ പീഡന പരാതി

Published

|

Last Updated

പാറ്റ്‌ന: ബീഹാറില്‍ പോലീസ് സൂപ്രണ്ടിനെതിരെ ബലാത്സംഗ ആരോപണവുമായി സബ് ഡിവിഷനല്‍ പോലീസ് ഉദ്യോഗസ്ഥ. കൈമൂര്‍ എസ് പി പുഷ്‌കര്‍ ആനന്ദ്, വ്യാജ വിവാഹ വാഗ്ദാനം ചെയ്ത് താനുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ് വനിതാ ഉദ്യോഗസ്ഥ കേസ് കൊടുത്തത്. കേസ് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ പോലീസ് ആസ്ഥാനം ഉത്തരവാദപ്പെടുത്തി.
ഈ വര്‍ഷം കൈമൂര്‍ എസ് പിയായി പുഷ്‌കര്‍ ആനന്ദ് നിയമിതനായ ശേഷം തന്നെ ഫോണ്‍ വിളിക്കല്‍ സാധാരണമാക്കിയെന്നും പ്രൊഫഷനല്‍ ബന്ധം എന്നതിനപ്പുറം ഈ ബന്ധം വളര്‍ന്നെന്നും ഉദ്യോഗസ്ഥ പറയുന്നു. പുഷ്‌കര്‍ ആനന്ദ് അവിവാഹിതനായതിനാല്‍ എത്രയും പെട്ടെന്ന് തന്നെ വിവാഹം ചെയ്യുമെന്നുള്ള വാഗ്ദാനം വിശ്വസിച്ചു. ഇതുസംബന്ധിച്ച് നിര്‍ബന്ധിക്കുമ്പോഴൊക്കെ തന്നെ ഒഴിവാക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിക്കില്ലെന്ന് തുറന്നുപറഞ്ഞു. മാത്രമല്ല, അവഹേളിക്കാനും തുടങ്ങി. തങ്ങളുടെ ബന്ധത്തിന് തെളിവും സാക്ഷികളും ഉണ്ട്. ഇരുകുടുംബങ്ങളും ജാതകം കൈമാറുക വരെ ചെയ്തു. എന്നാല്‍, ജാതകപ്പൊരുത്തമില്ലെന്ന് അവകാശപ്പെട്ട് ആനന്ദിന്റെ കുടുംബം രംഗത്തെത്തി. എഫ് ഐ ആറില്‍ ആനന്ദിന്റെ മാതാപിതാക്കളുടെയും പേരുണ്ട്.
അതേസമയം ആരോപണങ്ങള്‍ എസ് പി തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥക്ക് തന്നോട് വലിയ പ്രണയവും വിവാഹം ചെയ്യാന്‍ വല്ലാതെ ആഗ്രഹിക്കുകയും ചെയ്തു. അവരുടെ ആലോചന നിരസിച്ചപ്പോള്‍ ബ്ലാക്‌മെയിലിംഗ് തുടങ്ങി. വിവാഹം ചെയ്തില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുക കൂടി ചെയ്തു. വിവാഹിതരായ പുരുഷന്‍മാരോട് താത്പര്യമുള്ള അവരാണ് ഇപ്പോള്‍ താനുമായി വിവാഹ ജീവിതം താത്പര്യപ്പെടുന്നത്. പുഷ്‌കര്‍ ആനന്ദ് പറഞ്ഞു.
മൂന്നംഗ സമിതി എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബീഹാര്‍ ഡി ജി പി. പി കെ ഠാക്കൂര്‍ പറഞ്ഞു. സമിതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ആരോപണങ്ങള്‍ പ്രഥമമായി തെളിയക്കപ്പെടുന്നത് വരെ ഐ പി എസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കില്ല. ഇരുവരും മുതിര്‍ ഉദ്യോഗസ്ഥരും നിയമം അറിയന്നവരുമാണ്. ഇത് പരിഗണിച്ച് അന്വേഷണം അവസാനിച്ചതിന് ശേഷമാണ് നടപടി സ്വീകരിക്കുക. ഡി ജി പി അറിയിച്ചു.
വനിതാ ഐ പി എസ് ഉദ്യോഗസ്ഥ എസ് നിലേകര്‍ ചന്ദ്ര, സി ഐ ഡി. എസ് പി ഹര്‍പ്രീത് കൗര്‍, എ ഐ ജി രാജേഷ് കുമാര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സ്വതന്ത്രവും വേഗവുമേറിയ അന്വേഷണമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ബീഹാര്‍ പോലീസ് സര്‍വീസ് അസോസിയേഷന്‍ പ്രസിഡന്റ് രാകേഷ് ദുബെ പറഞ്ഞു. മേലുദ്യോഗസ്ഥനെതിരെ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതിപ്പെടാന്‍ ധൈര്യം പ്രകടിപ്പിച്ച സ്ഥിതിക്ക്, ഇരുവര്‍ക്കുമിടയില്‍ ചിലതുണ്ടായിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.