യുദ്ധക്കുറ്റം: ബംഗ്ലാദേശില്‍ മുതിര്‍ന്ന ജമാഅത്ത് നേതാവിന് വധശിക്ഷ

Posted on: December 31, 2014 5:59 am | Last updated: December 30, 2014 at 11:01 pm

2014123094824340734_20ധാക്ക: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബംഗ്ലാദേശിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവിന് വധ ശിക്ഷ. യുദ്ധക്കുറ്റങ്ങള്‍ക്ക് വേണ്ടി രൂപവത്കരിക്കപ്പെട്ട ‘ട്രൈബ്യൂണലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായ അസ്ഹറുല്‍ ഇസ്‌ലാ(62)മിന് ശിക്ഷ വിധിച്ചത്. 1971ലെ യുദ്ധത്തില്‍ ബലാത്സംഗം, കൂട്ടക്കൊലപാതകം, വംശീയ ഉന്‍മൂലനം എന്നിങ്ങനെ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ കോടതി കണ്ടെത്തിയിരുന്നു. ഇതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ 11 നേതാക്കള്‍ വിവിധ ഘട്ടങ്ങളിലായി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. വടക്കന്‍ ജില്ലയായ റാംഗ്പൂരില്‍ 1,200ലധികം പേരെ വംശീയ ഉന്‍മൂലനം നടത്തിയ കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇത് കൂട്ടക്കൊലപാതകമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ജഡ്ജി ഇനായതുര്‍റഹ്മാന്‍ ചൂണ്ടിക്കാട്ടി. ഒമ്പത് മാസം നീണ്ടു നിന്ന യുദ്ധത്തിനിടെ കൊല്ലപ്പെട്ടവരില്‍ നൂറുകണക്കിന് ഹിന്ദുക്കളും ഉണ്ടായിരുന്നു. യുദ്ധം നടക്കുന്ന സമയത്ത് അസ്ഹറുല്‍ ഇസ്‌ലാമിന് 19 വയസ്സായിരുന്നുവെന്നും ഇദ്ദേഹം യുദ്ധക്കുറ്റങ്ങളില്‍ ഭാഗമായിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി. കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.
കോടതി വിധിയില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ ഇതേ കുറ്റങ്ങളുടെ പേരില്‍ നിരവധി ജമാഅത്ത് നേതാക്കളെ വധശിക്ഷക്ക് വിധിച്ചിരുന്നു.