അധികം ഡോളര്‍ ചെലവഴിക്കാന്‍ തയ്യാറല്ലെന്ന് അമേരിക്ക

Posted on: December 31, 2014 5:56 am | Last updated: December 30, 2014 at 10:56 pm

വാഷിംഗ്ടണ്‍: ഇസില്‍ തീവ്രവാദികള്‍ ഒരു യഥാര്‍ഥ ഭീഷണിതന്നെയാണെന്ന് സമ്മതിച്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇവരെ നേരിടാന്‍ വലിയ തോതില്‍ ഡോളര്‍ ചെലവഴിക്കാനാകില്ലെന്ന് വ്യക്തമാക്കി. നാഷനല്‍ പബ്ലിക്ക് റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിറിയയുടെയും ഇറാഖിന്റെയും മൂന്നില്‍ ഒന്ന് ഭാഗങ്ങള്‍ ഇസില്‍ കൈയടക്കിയ സാഹചര്യത്തില്‍ ഇസില്‍ തീവ്രവാദ സംഘം ഉയര്‍ത്തുന്ന ഭീഷണിയെ കുറച്ചു കാണാനാകില്ലെന്നും ഒബാമ പറഞ്ഞു. വലിയ അപകടത്തെയാണ് അമേരിക്കന്‍ സഖ്യം അഭിമുഖീകരിക്കുന്നതെന്നും ഇസില്‍ സംഘം മുഴുവന്‍ മേഖലകളേയും അസ്ഥിരപ്പെടുത്തുംവിധം ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനാല്‍ ഭീഷണിയെ ചെറുതായി കാണുന്നില്ലെന്നും അതൊരു യാഥാര്‍ഥ്യമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. സിറിയയിലും ഇറാഖിലും ഇസിലിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണം സംഘത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുന്നതാണെങ്കിലും ഇതിന് സമയമെടുക്കുമെന്ന് ഒബാമ പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 13 വര്‍ഷക്കാലം അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന് സമാനമായ രീതിയില്‍ ഇസില്‍ വിരുദ്ധ പോരാട്ടത്തിന് മറ്റൊരു മഹാകോടി ഡോളര്‍ ചെലവഴിക്കാന്‍ വളരെയധികം ശങ്കയുണ്ട്. കാരണം തങ്ങളുടെ സ്‌കൂളുകളും റോഡുകളും പുനരുദ്ധരിക്കുന്നതിനും തങ്ങളുടെ സുരക്ഷയടെയും വിജയത്തിന്റെയും ദീര്‍ഘകാല പദ്ധതിക്കാവശ്യമായ അടിസ്ഥാന ശാസ്ത്രത്തിനും ഗവേഷണത്തിനുമായി തങ്ങള്‍ക്ക് നിരവധി കോടി ഡോളറിന്റെ ആവശ്യമുള്ളതിനാലാണിതെന്നും റേഡിയോ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. മാത്രവുമല്ല തങ്ങള്‍ ചിലര്‍ക്ക് വേണ്ടി ചെയ്യുന്നത് അവര്‍ തിരിച്ചും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.