Connect with us

Editorial

പൊതുമേഖലയുടെ സ്വകാര്യവത്കരണം

Published

|

Last Updated

സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന് വേഗത വര്‍ധിപ്പിച്ചിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് നഷ്ടത്തിലോടുന്ന ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍, എയര്‍ ഇന്ത്യ, എച്ച് എം ടി, ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസ്, ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസേഴ്‌സ് കോര്‍പറേഷന്‍ തുടങ്ങിയ പത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാനുള്ള തീരുമാനം. സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായാണ് ഇവ അടച്ചുപൂട്ടുന്നത്. ഇതേക്കുറിച്ച് ആലോചിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി അജിത് സേത്ത്് പ്രസ്തുത സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. 2012-13 വര്‍ഷത്തില്‍ 24,500 കോടി രൂപയുടെ നഷ്ടത്തിലാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇത്രയും ഭീമമായ നഷ്ടം സഹിച്ചു ഇവയെ പൊതുമേഖലയില്‍ നിലനിര്‍ത്താനാകില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്.
കേരളത്തിലെ പത്തെണ്ണം ഉള്‍പ്പെടെ രാജ്യത്ത് മൊത്തം 79 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. 1.57 ലക്ഷം കോടി രൂപയുടെ പൊതുധനമാണ് ഇവയില്‍ കെട്ടിക്കിടക്കുന്നത്. പ്രതിവര്‍ഷം 10,000 കോടി രൂപ ബജറ്റില്‍ നിന്ന് ഇവയുടെ നിലനില്‍പ്പിനായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. സ്വകാര്യ പങ്കാളിത്തമുണ്ടായാല്‍ ലാഭത്തിലാക്കാമെന്നിരിക്കെ, ഇവയെ പൊതുമേഖലയില്‍ നിലനിര്‍ത്താനായി ഇനിയും നികുതിപ്പണം വിനിയോഗിക്കുന്നത് ന്യായമാണോ എന്നാണ് അരുണ്‍ ജെയ്റ്റ്‌ലി ചോദിക്കുന്നത്. ഇവയുടെ ഓഹരി വിറ്റഴിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് വലിയൊരളവോളം ആശ്വാസമാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. 43,425 കോടി രൂപ ഈ വഴിക്ക് സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
അതേസമയം, യു പി എ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ബി ജെ പി നഖശിഖാന്തം എതിര്‍ത്തിരുന്നതാണ്. സര്‍ക്കാറിന്റെ പിടിപ്പുകേടാണ് ഈ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് കാരണമെന്നും അത് പരിഹരിച്ച് പൊതുമേഖലയില്‍ തന്നെ അവയെ നിലനിര്‍ത്തുകയാണ് വേണ്ടതെന്നുമായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ നിലപാട്. രാജ്യം ഭരിച്ച വിവിധ സര്‍ക്കാരുകള്‍ സ്വകാര്യമേഖലക്കു പ്രാധാന്യം നല്‍കിയതും പൊതുമേഖലയെ അവഗണിച്ചതുമാണ് അവ നഷ്ടത്തിലേക്കുപോകാന്‍ കാരണമെന്നും പാര്‍ട്ടി കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ, അധികാരം ലഭിച്ചതോടെ അതെല്ലാം വിസ്മരിച്ചിരിക്കുകയാണ്.
ഇപ്പോള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഒരുമ്പെടുന്ന പല സ്ഥാപനങ്ങളും നേരത്തെ ലാഭകരമായി ഓടിയിരുന്നതാണ്. നൂറ്റാണ്ടിലേറെയായി രാജ്യത്തെ ടെലികോം സേവനം നിര്‍വഹിച്ചു വരുന്ന ബി എസ് എന്‍ എല്‍ ആദ്യത്തെ 89 വര്‍ഷങ്ങളില്‍ 45,000 കോടി ലാഭം നേടിയിട്ടുണ്ട്. സ്വകാര്യ ടെലിഫോണ്‍ കമ്പനികളുടെ വേലിയേറ്റവും അവയുമായി മത്സരിച്ചു മുന്നേറുന്നതില്‍ സര്‍ക്കാറില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് ബി എസ് എന്‍ എല്ലിന്റെ തകര്‍ച്ചക്ക് വഴിവെച്ചത്. പ്രവര്‍ത്തിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യത, കമ്പനിയുടെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ തദ്ദേശവാസികളുടെ തടസ്സം, തദ്ദേശവാസികള്‍ക്കു ജോലി നല്‍കണമെന്ന ആവശ്യത്തോടുള്ള അധികൃതരുടെ വിമുഖത തുടങ്ങിവയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ആര്‍ ഇ എല്ലിനു തിരിച്ചടിയായത്. തൊഴിലാളികളെ യഥാവിധി ഉപയോഗപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയാണ് പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ മുഖ്യപ്രശ്‌നം. ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിയാണ് എച്ച് ഒ സിയുടെ നഷ്ടത്തിനു കാരണം. യഥാസമയം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുതിര്‍ന്നിരുന്നെങ്കില്‍ ഈ സ്ഥാപനങ്ങളൊന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയില്ലായിരുന്നു. ഇതിന് പകരം പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി സ്വകാര്യമേഖലക്ക് തീരെഴുതിക്കൊടുക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനിടെ അമേരിക്ക ഉള്‍പ്പെടെ മിക്ക രാഷ്ട്രങ്ങളെയും ബാധിച്ച സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കാതിരുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
സ്വകാര്യ സ്ഥാപനങ്ങളെയും കോര്‍പറേറ്റുകളെയും വഴിവിട്ടു സഹായിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതുണ്ട്. നഷ്ടത്തിലോടുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും പുനരുദ്ധാരണത്തിന് മുമ്പ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അവയെല്ലാം ശീതീകരണിയില്‍ സൂക്ഷിച്ചു കൊണ്ടാണ് നഷ്ടത്തിന്റെ കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചു അവയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തിടുക്കം കാണിക്കുന്നത്. മന്‍മോഹന്‍സിംഗിന്റെ മുതലാളിത്ത ദാസ്യത്തിന്റെ തുടര്‍ച്ചയാണിത്. ഇതിനെതിരെ ഇടതുപ്രസ്ഥാനങ്ങളില്‍ നിന്നു പോലും വേണ്ടത്ര പ്രതിഷേധം ഉയര്‍ന്നു വരാത്തത് ദുരൂഹമാണ്.

Latest