പുതുവത്സരത്തലേന്ന് ഗതാഗത നിയന്ത്രണം

Posted on: December 30, 2014 7:00 pm | Last updated: December 30, 2014 at 7:10 pm

ദുബൈ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫക്ക് പരിസരത്ത് 11,000 പാര്‍ക്കിംഗ് അധികമായി ഏര്‍പ്പെടുത്തുമെന്ന് ആര്‍ ടി എ. ആര്‍ ടി എ സി ഇ ഒ മൈത്ത ബിന്‍ അദിയ്യ് ആണ് ഇക്കാര്യം അറിയിച്ചത്. ബുര്‍ജ് ഖലീഫയുടെ പരിസരത്ത് ആളുകള്‍ക്കെത്താന്‍ വിവിധങ്ങളായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം കൂടുതല്‍ ഫീഡര്‍ ബസുകള്‍ ഉണ്ടാകും. ബസ്, ടാക്‌സി പാതവരികളില്‍ മറ്റു വാഹനങ്ങള്‍ കടക്കരുത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ അല്‍ സാദ, ബിസിനസ് ബേ സ്ട്രീറ്റുകള്‍ രണ്ട് എക്‌സ്പ്രസ് പാതവരി ആയിരിക്കും. വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം 1,500, മൈതാനില്‍ 8,000, ജാഫിലിയ്യയില്‍ 500, സബീല്‍ പാര്‍ക്കില്‍ 1,000 എന്നിങ്ങനെ അധിക പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഇവിടെ നിന്ന് ബുര്‍ജ് ഖലീഫയുടെ ഭാഗത്ത് എത്താന്‍ 130 ബസുകളുടെ സേവനം ഉണ്ടാകും. പുതുവത്സര തലേന്ന് ദുബൈ മാള്‍ മെട്രോ സ്റ്റേഷന്‍ ബുധനാഴ്ച രാത്രി 10 മുതല്‍ വ്യാഴം പുലര്‍ച്ചെ ആറുവരെ അടച്ചിടും. യാത്രക്കാര്‍ക്ക് ബിസിനസ് ബേ, ദുബൈ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്റ്റേഷനുകളെ ആശ്രയിക്കാം. ഈ വര്‍ഷം പുതുവത്സര തലേന്ന് 8,20,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ബുര്‍ജ് ഖലീഫക്ക് അടുത്തുള്ള ശൈഖ് സായിദ് റോഡിലെ നടപ്പാലം രാത്രിയോടെ അടച്ചിടുമെന്നും അവര്‍ അറിയിച്ചു.