വിപണിയില്‍ മത്സ്യവില കുറയുന്നു

Posted on: December 30, 2014 7:06 pm | Last updated: December 30, 2014 at 7:06 pm

altAn1ULuBuC0Or__865gRY389mwHk8MjN0wsd13waupMJeഷാര്‍ജ;ശൈത്യം കനത്തതോടെ വിപണിയില്‍ മത്സ്യ വില കുറഞ്ഞു തുടങ്ങി. പൊതുവെ വിലകൂടിയ മത്സ്യങ്ങളായ അയക്കൂറ, ആവോലി, ചെമ്മീന്‍ എന്നിവക്കെല്ലാം വിലകുറഞ്ഞിട്ടുണ്ട്. സാധാരണക്കാരന്‍ ആശ്രയിക്കുന്ന മത്തി, അയല, ചൂര, ഷേരി എന്നിവക്കും വന്‍വിലക്കുറവാണ്. അല്‍ ഗുബൈബയിലെ മത്സ്യമാര്‍ക്കറ്റിനൊപ്പം സൂപ്പര്‍മാര്‍ക്കറ്റുകളിലും നല്ല വിലക്കുറവുണ്ട്.
രണ്ടു കിലോ തൂക്കം വരുന്ന അയക്കൂറക്ക് മത്സ്യ മാര്‍ക്കറ്റില്‍ ഇന്നലത്തെ വില 40 ദിര്‍ഹമാണ്. കിലോക്ക് 20 ദിര്‍ഹം. ഒരാഴ്ച മുമ്പ് വരെ 40 നും 50നും ദിര്‍ഹത്തിനു മുകളിലായിരുന്നു വില. അതു കൊണ്ട്തന്നെ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കു അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചെമ്മീന് ഏറ്റവും കുറഞ്ഞ വില 30 ദിര്‍ഹമാണ്. വില കൂടിയവയും ഉണ്ട്. ആവോലിക്ക് 30 ദിര്‍ഹം ഉള്ളപ്പോള്‍ മത്തിക്ക് മന്നിന് (നാല് കിലോ) 10 ദിര്‍ഹവും അയിലക്ക് രണ്ട് കിലോക്ക് 15 ദിര്‍ഹവുമാണ് ഇന്നലത്തെ വില.
ഇതരമത്സ്യങ്ങള്‍ക്കും നന്നേ വിലകുറവുണ്ട്. അതേ സമയം, മത്തിക്കും അയലക്കും ഒരാഴ്ച മുമ്പ് വരെ വന്‍ വിലയായിരുന്നു. വില കുറഞ്ഞതോടെ മത്സ്യത്തിനു ആവശ്യക്കാരും ഏറിയിട്ടുണ്ട്.
തണുപ്പ് കനത്തതോടെ മത്സ്യലഭ്യത കൂടിയതാണ് വിലക്കുറവിനു കാരണമെന്നു മത്സ്യ മാര്‍ക്കറ്റിലെ വില്‍പ്പനക്കാരനും മലയാളിയുമായ മലപ്പുറം കുറ്റിപ്പാലത്തെ മുഹമ്മദ് ഹനീഫ പറഞ്ഞു. കടലില്‍ ശക്തമായ കാറ്റടിക്കുമ്പോള്‍ മാത്രമാണ് വിലകൂടുന്നത്. കാറ്റടിക്കുമ്പോള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ കഴിയില്ല. തത്‌സമയം ലഭ്യത കുറയും.
അതു കൊണ്ട് തന്നെ വിലകൂടും. എന്നാല്‍ കൂടുതല്‍ ദിവസം അതു നിലനില്‍ക്കില്ല. കഴിഞ്ഞ 22 വര്‍ഷമായി ഇതേ മാര്‍ക്കറ്റില്‍ മത്സ്യ വില്‍പനക്കാരനായ മുഹമ്മദ് ഹനീഫ വ്യക്തമാക്കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മത്സ്യ ലഭ്യത കുറഞ്ഞിട്ടുണ്ടെന്നും, ഇതു വില വര്‍ധനവിനു ഒരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഭവും കുറഞ്ഞിട്ടുണ്ട്.
മുമ്പത്തെപോലെ മത്സ്യ കച്ചവടം അത്ര ലാഭകരമല്ലെന്ന് മറ്റൊരു മത്സ്യ കച്ചവടക്കാരന്‍ മലപ്പുറം തിരൂരിലെ ജഅ്ഫര്‍ പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും മത്സ്യ വില്‍പന തുടങ്ങിയത് ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മത്സ്യമാര്‍ക്കറ്റില്‍ ലഭിക്കുന്ന അതേ വിലക്ക് ചില ഇനം മത്സ്യം ലഭിക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ മത്തി കിലോ 1.90 ദിര്‍ഹമിനു ലഭിക്കുന്നു. അയക്കൂറ, ഷേരി, കട്‌ല തുടങ്ങിയവക്കും വന്‍ ഓഫറുകളാണ് ചിലദിവസങ്ങളില്‍.
അയക്കൂറ, അയല തുടങ്ങിയ മത്സ്യങ്ങള്‍ ഷാര്‍ജ കടലില്‍ നിന്നു ഇപ്പോള്‍ ലഭ്യമാകുന്നുണ്ടെന്ന് മുഹമ്മദ് ഹനീഫ പറഞ്ഞു. അതേ സമയം ആവോലി, പുതിയാപ്ല, കട്‌ല, ചൂര, തളയന്‍ തുടങ്ങിയവ ഫുജൈറയില്‍ നിന്നാണ് എത്തുന്നത്. മത്തി പ്രധാനമായും വരുന്നത് ഒമാനില്‍ നിന്ന്.
എന്നാല്‍ ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നത് മുഖ്യമായും പാക്കിസ്ഥാനില്‍ നിന്നാണ്. വിവിധയിനം ചെമ്മീനുകളാണ് പാക്കിസ്ഥാനില്‍ നിന്ന് എത്തുന്നത്. പാക്ക് ചെമ്മീന്‍ മാര്‍ക്കറ്റ് കീഴടക്കി തുടങ്ങിയിട്ടുണ്ട്. വിലയിലും നല്ല കുറവുണ്ട്. ഇന്ത്യയില്‍ നിന്നും എത്തുന്നുണ്ടെങ്കിലും കുറവാണ്. ഇറക്കുമതിച്ചിലവ് കൂടുന്നതാണ് വരവ് കുറയാന്‍ കാരണം. നല്ലയിനം വലിയ ചെമ്മീനുകള്‍ക്ക് കിലോക്ക് 70 ദിര്‍ഹം വരെ വിലയുണ്ട്.
തണുപ്പിനു ശക്തികൂടുന്നതോടെ മത്സ്യ വിലയില്‍ ഇനിയും വന്‍ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.