സ്വകാര്യ എയ്ഡഡ് കോളജിന് മിച്ച ഭൂമി നല്‍കാന്‍ നീക്കം

Posted on: December 30, 2014 10:19 am | Last updated: December 30, 2014 at 10:19 am

വണ്ടൂര്‍: പുതുതായി അനുവദിച്ച എയ്ഡഡ് കോളജിന് സര്‍ക്കാര്‍ മിച്ച ഭൂമി പതിച്ച് നല്‍കാന്‍ നീക്കം. അമ്പലപ്പടി പുല്ലൂരിലെ ഏഴ് ഏക്കര്‍ മിച്ച ഭൂമിയില്‍ അഞ്ച് ഏക്കര്‍ ഭൂമിയാണ് ഇന്ദിരാജി സൊസൈറ്റിക്ക് കീഴിലുള്ള എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് നല്‍കാന്‍ നീക്കം നടക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വണ്ടൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അഭിപ്രായമാരായാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്തിന് കത്ത് നല്‍കി. കഴിഞ്ഞ മാര്‍ച്ച് ആദ്യ വാരത്തിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പട്ടികജാതി പിന്നോക്ക മാനേജ്‌മെന്റിന് കീഴില്‍ മൂന്ന് എയ്ഡഡ് കോളജുകള്‍ അനുവദിച്ചത്. വണ്ടൂര്‍, കൊല്ലം, കോട്ടയം എന്നീ പ്രദേശങ്ങളിലാണ് കോളജുകള്‍ അനുവദിച്ചത്. കൊല്ലത്ത് കെ പി എം എസ് മാനേജ്‌മെന്റിന് കീഴിലും കോട്ടയം ആര്‍ ഡി എസ് മാനേജ്‌മെന്റിന് കീഴിലുമാണ് കോളജുകള്‍ വരുന്നത്.
കോളജിനാവശ്യമായ സ്ഥലവും കെട്ടിടങ്ങളും മാനേജ്‌മെന്റ് ലഭ്യമാക്കണമെന്നായിരുന്നു വിനോദ സഞ്ചാര മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ല കലക്ടര്‍ പുല്ലൂരിലുള്ള മിച്ചഭൂമി ഇന്ദിരാജി സൊസൈറ്റിക്ക് പതിച്ചുനല്‍കാന്‍ ശ്രമം നടത്തുന്നത്. ഇതിനായി ഉദ്യോഗസ്ഥരുടെ മേല്‍ ശക്തമായ സമ്മര്‍ദവുമുണ്ടെന്നറിയുന്നു.
ഭുരഹിതരായ ആളുകള്‍ക്കാണ് സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചു നല്‍കാറുള്ളത്. ഭൂരഹിതരായ നിരവധി പേര്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തന്നെ നിരവധിയുണ്ടെന്നിരിക്കെയാണ് ഇന്ദിരാജി സൊസൈറ്റിക്ക് കീഴിലുള്ള എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിനായി പതിച്ചുനല്‍കാന്‍ നീക്കം നടക്കുന്നത്.
പുല്ലൂരിലെ രണ്ട് ഏക്കര്‍ മിച്ചഭൂമി നേരത്തെ സര്‍ക്കാര്‍ പ്രസിന് അനുവദിച്ചിരുന്നു. നേരത്തെ അനുവദിച്ച സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, ഓള്‍ഡ് ഏജ് ഹോം സ്ഥാപനങ്ങള്‍ നിര്‍മിക്കാനായി ഈ ഭൂമിയില്‍ തറക്കല്ലിടല്‍ നടത്തിയിരുന്നു. പിന്നീട് ഇതെല്ലാം അവതാളത്തിലാകുകയായിരുന്നു. അതെസമയം മിച്ചഭൂമി ഭൂരഹിതരായവര്‍ക്കായി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സി പി എമ്മിന്റെ ആഭിമുഖ്യത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് പുതിയ നീക്കം നടക്കുന്നത്. മിച്ചഭൂമിയായി മാറ്റി നിര്‍ത്തിയ അഞ്ച് ഏക്കറിലധികം വരുന്ന ഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക് നിയമാനുസൃതം വിതരണം ചെയ്യണമെന്ന് സി പി എം വണ്ടൂര്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ഭൂമി വിതരണം ചെയ്യുന്നതിന് പകരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിയുടെ സ്വന്തക്കാരുടെ എയ്ഡഡ് കോളജിന് വേണ്ടി സ്ഥലം നല്‍കാന്‍ മന്ത്രി നടത്തുന്ന ശ്രമങ്ങളില്‍ നിന്നും പിന്‍മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.