പവര്‍ ലിഫ്റ്റില്‍ അമൃത്യയുടെ സ്വര്‍ണ്ണക്കൊയ്ത്ത്

Posted on: December 30, 2014 12:50 am | Last updated: December 29, 2014 at 10:51 pm

മാനന്തവാടി : വേള്‍ഡ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാട്ടുകാരിക്ക് മൂന്ന്്് സ്വര്‍ണ്ണമടക്കം ആറ് മെഡലുകള്‍. ജാര്‍ഖണ്ഡ് ജംഷഡ്പൂരില്‍ നടന്ന വേള്‍ഡ് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി സ്വദേശിനി അമൃത്യ എം എസ് ആണ്് ഈ അപൂര്‍വ നേട്ടത്തിനുടമയായത്.
ആദ്യമായാണ് ജില്ലയിലെ ഒരു കായിക താരത്തിന് ഈ അന്താരാഷ്ട്ര മെഡല്‍ ലഭിക്കുന്നത്. 43 കിലോ സബ് ജൂനിയര്‍ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണവും 47 കിലോ സീനിയര്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ വെള്ളിയും രണ്ട് വെങ്കല മെഡലുമാണ് നേടിയത്. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അമൃത്യയുടെ കോച്ച് അച്ഛനായ മാനന്തവാടി ഗവണ്‍മെന്റ് കോളജിലെ കായികവിഭാഗം മേധാവി പ്രൊ.എം.കെ ശെല്‍വരാജാണ്. നാല് വര്‍ഷമായി മാനന്തവാടി ഗോള്‍ഡന്‍ ജിംനേഷ്യത്തില്‍ അഛ്‌ന്റെ കീഴില്‍ പരിശീലനം നടത്തുന്നു.
ചുണ്ടേല്‍ പ്രാദേശിക കോഫി റിസര്‍ച്ച് സ്റ്റേഷനിലെ ജൂനിയര്‍ ലൈസണ്‍ ഓഫീസര്‍ പി ആര്‍ ഇന്ദിരയാണ് മാതാവ്. ലോക ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പീറ്റര്‍ ടോണിയില്‍ നിന്നാണ് അമൃത്യ മെഡല്‍ ഏറ്റുവാങ്ങിയത്. മുന്‍ കോമല്‍വെല്‍ത്ത് പവര്‍ലിഫ്റ്റിംഗ് സ്വര്‍ണ്ണമെഡല്‍ ജേതാവ് ഐശര്യ, ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് സ്വര്‍ണ്ണജേതാവ് അക്ഷയ എന്നിവര്‍ സഹോദരിമാരാണ്.