Connect with us

International

തീപിടിച്ച ഗ്രീക്ക് കപ്പലില്‍നിന്ന് 200 പേരെ രക്ഷിച്ചു

Published

|

Last Updated

റോം: കോര്‍ഫു ദ്വീപിനു സമീപം തീപ്പിടിച്ച നോര്‍മാന്‍ അറ്റ്‌ലാന്റിക് എന്ന ഇറ്റാലിയന്‍ കപ്പലില്‍നിന്നും അവശേഷിക്കുന്ന മുഴുവന്‍ യാത്രക്കാരേയും രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. ഒരാള്‍ കപ്പലില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് മരിച്ചത്. മറ്റ് നാല് പേരുടേയും മൃതദേഹങ്ങള്‍ കടലില്‍നിന്നാണ് കണ്ടെടുത്തത്. കനത്ത കാറ്റും കപ്പലില്‍നിന്നുയര്‍ന്ന പുകയും രക്ഷാദൗത്യം സങ്കീര്‍ണമാക്കിയെങ്കിലും 400ലധികംപേരെ രക്ഷപ്പെടുത്താനായി. ഇപ്പോള്‍ കപ്പലില്‍ ക്യാപ്റ്റനും നാല് ഉദ്യോഗസ്ഥരും മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ഇറ്റാലിയന്‍ നാവികസേന വ്യക്കമാക്കി. എന്നാല്‍ കപ്പലിന് എങ്ങനെയാണ് തീപ്പിടിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. കപ്പലില്‍ കാറുകള്‍ സൂക്ഷിച്ച ഡെക്കിലാണ് ആദ്യം തീ പടര്‍ന്നത്. ഗ്രീക്ക് നഗരമായ പട്രാസില്‍നിന്നും 478 യാത്രക്കാരുമായി ഇറ്റലിയിലെ അന്‍കോണയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. തീപ്പിടിത്തം സംഭവിച്ച് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 62 കാരനായ ഒരു ഗ്രീക്കുകാരന്റെ മൃതദേഹം തീരസംരക്ഷണ സേന കണ്ടെത്തുകയായിരുന്നു. ലൈഫ് ബോട്ടിലെത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ഭാര്യക്ക് പരുക്കേറ്റിരുന്നു. കപ്പലില്‍നിന്നും രക്ഷപ്പെടുത്തിയ 49 പേരടങ്ങുന്ന സംഘത്തെ കപ്പലില്‍ ഇന്നലെ രാവിലെയാണ് ഇറ്റാലിയന്‍ തുറമുഖമായ ബാരിയിലെത്തിച്ചത്. ഭൂരിഭാഗം യാത്രക്കാരെയും മറ്റൊരു കപ്പലിലേക്കാണ് മാറ്റിയത്. എന്നാല്‍ കുറച്ചുപേരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest