മണല്‍ റോഡില്‍ത്തള്ളി മണല്‍ മാഫിയ രക്ഷപ്പെട്ടു

Posted on: December 29, 2014 11:31 am | Last updated: December 29, 2014 at 11:31 am

കൊണ്ടോട്ടി: അനധികൃത മണല്‍ കടത്ത് പിടികൂടിയപ്പോള്‍ മണല്‍ റോഡില്‍ തള്ളി ലോറി ജീവനക്കാര്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30ന് നെടിയിരുപ്പ് കോളനി റോഡിലാണ് സംഭവം. കൊണ്ടോട്ടി താസില്‍ദാര്‍ സയ്യിദ് അലിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് മണല്‍ കടത്ത് പിടികൂടിയത്.
റവന്യൂ സംഘം മണല്‍ ലോറിയെ പിന്തുടരുന്നത് അറിഞ്ഞ ലോറി ജീവനക്കാര്‍ മണല്‍ റോഡില്‍ തള്ളി ലോറി ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. ലോറി പിന്നീട് താസില്‍ദാര്‍ കസ്റ്റഡിയിലെടുത്തു പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. റോഡില്‍ മണല്‍ കൂന ഉയര്‍ന്നത് കാരണം ദേശീയപാത 231 കൊണ്ടോട്ടിക്കും മലപ്പുറത്തിനുമിടയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇതിനിടെ സമീപവാസികളും വിവരം കേട്ടറിഞ്ഞവരും ചാക്കുകളുമായെത്തി മണല്‍ വാരിയെടുക്കുന്ന തിരക്കിലായി. ഇതോടെ ഗതാഗതം വീണ്ടും തടസപ്പെട്ടു. പോലീസെത്തി ഇവരെ പിന്തിരിപ്പിച്ചതോടെ ശേഷിച്ച മണല്‍ റോഡില്‍ പരന്നു ചെറിയ വാഹനങ്ങള്‍ക്ക് യാത്ര ദുശ് കരമായി. മണല്‍ റോഡില്‍ പതിഞ്ഞതോടെ ഇരു ചക്ര വാഹനങ്ങള്‍ക്ക് അപകട സാധ്യതയും ഏറി.ഇതോടെ മലപ്പുറത്ത് നിന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഉമ്മറിന്റെ നേതൃത്വത്തില്‍ ഫയര്‍ യൂനിറ്റ് എത്തി റോഡ് വെള്ളം ചീറ്റി കഴുകി മണല്‍ രഹിതമാക്കി. തുടര്‍ന്നാണ് ഗതാഗതം സുഗമമായത്. മണല്‍ കടത്ത് പിടികൂടിയതുമായി ബന്ധപ്പെട്ട മഹസര്‍ തഹസില്‍ദാര്‍ ഇന്ന് ആ ര്‍ ഡി ഒക്ക് കൈമാറും. ആ ര്‍ ഡി ഒ അനന്തര നടപടി കൈകൊള്ളും.