Connect with us

Wayanad

മാവോയിസ്റ്റ് ആക്രമണ ഭീഷണി: വയനാട്ടില്‍ വിനോദസഞ്ചാരമേഖലക്ക് തിരിച്ചടിയാകുന്നു

Published

|

Last Updated

കല്‍പ്പറ്റ: മാവോയിസ്റ്റ് ആക്രമണ ഭീഷണി വയനാട്ടില്‍ വിനോദസഞ്ചാരമേഖലയെ തളര്‍ത്തുന്നു. ക്രിസ്മസ് അവധിക്കാലത്ത് മുന്‍ വര്‍ഷത്തേത്തിനു വിപരീതമായി ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്നു സഞ്ചാരികളുടെ ഒഴുക്കില്ല. വനവുമായി അതിരുപങ്കിടുന്ന റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പല സ്ഥാപനങ്ങളിലും ബുക്കിംഗ് റദ്ദാക്കലും അപൂര്‍വതയല്ലാതായി. ഇത് ടൂറിസം മേഖലയില്‍ വന്‍ നിക്ഷേപം നടത്തിയവരെ അങ്കലാപ്പിലാക്കി.
വടക്കേവയനാട്ടിലെ തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ടില്‍ നവംബര്‍ 18ന് രാത്രി മാവോവാദികളെന്നു കരുതുന്ന സംഘം ആക്രമണം നടത്തിയിരുന്നു. സംഘം അതിഥികളെ ഉപദ്രവിച്ചില്ലെങ്കിലും റിസോര്‍ട്ടില്‍ നാശനഷ്ടങ്ങള്‍ വരുത്തി. മാവോവാദി അനുകൂല പോസ്റ്ററുകളും പതിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത കേരളത്തിനുപുറത്ത് ഇംഗ്ലീഷ് ദിനപ്പത്രങ്ങളില്‍ പ്രാധാന്യത്തോടെയാണ് ഇടംപിടിച്ചത്. മാവോവാദി സാന്നിധ്യവും ഇടപെടലുകളുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പോലീസ് ഇന്റലിജന്‍സ് അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെ വിവരങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തകളായി. മാവോവാദികള്‍ വനാതിര്‍ത്തിയിലെ റിസോര്‍ട്ടുകള്‍ ആക്രമിച്ച് സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും ബന്ദികളാക്കാനും ഇടയുണ്ടെന്നുപോലും കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡിസംബര്‍ ഏഴിന് വടക്കേവയനാട് വനം ഡിവിഷനിലെ കുഞ്ഞോത്തിനടുത്ത് മാവോവാദികളും കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയത്. ഈ സംഭവത്തിന്റെ ചൂടാറുംമുമ്പ് ഡിസംബര്‍ 21ന് രാത്രി കുഞ്ഞോം ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിനുനേരേ മാവോവാദി ആക്രമണം ഉണ്ടായി. ഈ പശ്ചാത്തലത്തില്‍ റിസ്‌ക് എടുത്ത് വയനാട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ സമ്പന്ന സഞ്ചാരികള്‍ തയാറാകാത്തതാണ് ടൂറിസം മേഖലയ്ക്ക് പ്രഹരമായത്. വിദേശികളടക്കം സഞ്ചാരികള്‍ എത്തിയിരുന്ന അഗ്രഹാരം റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം മാവോവാദി ആക്രമണത്തിടെ നിലച്ചതാണ്. ഇതിനടുത്ത് 10 മുറികളും രണ്ട് ഡോര്‍മിറ്ററികളുമുള്ള കെ.ടി.ഡി.സി വക ഹോട്ടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 24 ബുക്കിംഗുകള്‍ റദ്ദായി.
ക്രിസ്മസ് അവധിക്കാലം വയനാട്ടില്‍ ചെലവഴിക്കാന്‍ തീരൂമാനിച്ചവര്‍ മൈസൂര്‍, ഊട്ടി, കൂര്‍ഗ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണെന്ന് അവര്‍ പറഞ്ഞു.
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര രംഗത്ത് വയനാട്ടില്‍ കഴിഞ്ഞ ആറേഴ് വര്‍ഷങ്ങള്‍ക്കിടെ വന്‍ കുതിപ്പാണ് ഉണ്ടായത്. പ്രകൃതിയുടെ വശ്യതയും സ്വച്ഛതയും തീര്‍ത്തും മലിനമായമാകാത്ത വായുവും തേടി നൂറുകണക്കിനു സഞ്ചാരികളാണ് അവധിക്കാലങ്ങളില്‍ ജില്ലയില്‍ എത്തിയിരുന്നത്. ഇത് റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍, കോട്ടേജുകള്‍ തുടങ്ങിയവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു നിമിത്തമായി. നിലവില്‍ വയനാട്ടില്‍ ബത്തേരി, വൈത്തിരി, മാനന്തവാടി എന്നിവിടങ്ങളിലായി സ്റ്റാര്‍ കാറ്റഗറിയില്‍ നാല് ഹോട്ടലുകളുണ്ട്. മെച്ചപ്പെട്ട നിലവാരമുള്ള റിസോര്‍ട്ടുകളുടെ എണ്ണം 15നു മുകളില്‍ വരും. 40 അംഗീകൃത ഹോംസ്റ്റേകളും അത്രതന്നെ സര്‍വീസ്ഡ് വില്ലകളും ഉണ്ട്. മീഡിയം ഹോട്ടല്‍ കാറ്റഗറിയിയിലുള്ള 32 സ്ഥാപനങ്ങള്‍ പുറമേ. ഒരേസമയം വിവിധ സാമ്പത്തിക ശ്രേണികളിലുള്ള പതിനായിരത്തോളം അതിഥികളെ സ്വീകരിക്കാനുള്ള ശേഷിയാണ് ജില്ലയ്ക്ക്. ഒരു ദിവസത്തെ താമസത്തിനു മാത്രം 375 രൂപ മുതല്‍ 19,500 രൂപ വരെയാണ് നിരക്ക്.
വനാതിര്‍ത്തികളിലെ പട്ടയഭൂമികള്‍ പൊന്നുവിലക്ക് സ്വന്തമാക്കിയാണ് പലരും ജില്ലയില്‍ ടൂറിസം മേഖലയില്‍ മുതല്‍മുടക്കിയത്. വനത്തോടുചേര്‍ന്നുള്ള താസമസ്ഥലങ്ങളാണ് ധനശേഷിയുള്ള സഞ്ചാരികളില്‍ ഏറെയും ഇഷ്ടപ്പെടുന്നതും.
വയനാട്ടിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വയനാട് ടൂറിസം ഓര്‍ഗനൈസേഷനും വിവിധങ്ങളായ പരിപാടികളാണ് നടത്തിവരുന്നത്. ഇതിനിടെയാണ് ടൂറിസം മേഖലയ്ക്ക് മുകളില്‍ മാവോവാദി ആക്രമണ സാധ്യതയെന്ന കരിനിഴല്‍. ഇതു നീങ്ങാന്‍ എത്രകാലമെടുക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ടൂറിസം രംഗത്തെ പ്രത്യക്ഷവും പരോക്ഷവുമായി ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിനു ആളുകളും ആകുലതയിലാണ്.

---- facebook comment plugin here -----

Latest