Connect with us

Wayanad

മാനസികാരോഗ്യ പരിപാലന പദ്ധതി: കുടിശ്ശിക തീര്‍ക്കാന്‍ 50 ലക്ഷം

Published

|

Last Updated

കല്‍പ്പറ്റ: മാനസികാരോഗ്യ പരിപാലന പദ്ധതിക്കായി ജില്ലയ്ക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി ഡി.എം.ഒ. ഡോ. നിതാ വിജയന്‍ അറിയിച്ചു. ജില്ലാ വികസനസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അനുവദിച്ച തുക കുടിശ്ശിക തീര്‍ക്കാന്‍ മാത്രമേ തികയുകയുള്ളൂ.
മലബാറിലെ നാലു ജില്ലകളിലെ മാനസിക രോഗികള്‍ക്ക് ചികില്‍സയും പരിചരണവും ലഭിച്ചിരുന്ന സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ പ്രവര്‍ത്തനം ഫണ്ടില്ലാത്തതിനാല്‍ നിര്‍ത്തലാക്കിയിരുന്നു. കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ്, വയനാട് ജില്ലകളിലെ 30,000ത്തോളം മാനസിക രോഗികളുടെ ചികില്‍സയാണ് നിലച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിന് (ഇംഹാന്‍സ്) കീഴിലാണ് ഏഴുവര്‍ഷമായി പദ്ധതി നടന്നുവരുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്.എം) ഫണ്ട് നിലച്ചതിനെത്തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം ആഗസ്ത് മുതല്‍ അവതാളത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 1.75 കോടി രൂപ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍, തുക അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്നാണ് പദ്ധതിക്ക് കീഴിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ഇംഹാന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. ചികില്‍സ വഴിമുട്ടിയതോടെ രോഗികളും ബന്ധുക്കളും സമരപരിപാടികളുമായി രംഗത്തെത്തിയിരുന്നു. ഫണ്ട് നിലച്ചതോടെ ഡോക്ടര്‍, സൈക്യാട്രിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെയുള്ള 60 ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളവും മുടങ്ങി. മരുന്ന് വാങ്ങിയതിലും മറ്റും വന്‍ തുക കുടിശ്ശികയുണ്ട്. നിലവില്‍ അനുവദിച്ച തുക മുഴുവനും ഉപയോഗപ്പെടുത്തിയാലേ ഈ കുടിശ്ശിക തീര്‍ക്കാന്‍ കഴിയുകയുള്ളൂ. പദ്ധതി ശരിയായ വിധത്തില്‍ പുനരാരംഭിക്കണമെങ്കില്‍ പ്രഖ്യാപിച്ച തുക അനുവദിക്കണമെന്നു രോഗികളുടെ കൂട്ടായ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Latest