സംസ്ഥാന സ്‌കൂള്‍ കലോത്സവം ;സാംസ്‌കാരിക ഘോഷയാത്ര മുതലക്കുളത്ത് നിന്ന് തുടങ്ങും

Posted on: December 29, 2014 12:34 am | Last updated: December 29, 2014 at 12:34 am

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷകമായ സാംസ്‌കാരിക ഘോഷയാത്ര കോഴിക്കോട് മുതലക്കുളം മൈതാനത്ത് നിന്നും ആരംഭിച്ച് മലബാര്‍ കൃസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ സമാപിക്കും.

നേരത്തെ കോഴിക്കോട് ബീച്ചില്‍ നിന്നും ഘോഷയാത്ര ആരംഭിക്കാനായിരുന്നു സംഘാടകര്‍ തീരുമാനിച്ചിരുന്നത്. പോലീസുമായി നടത്തിയ കൂടികാഴ്ചയിലാണ് റൂട്ട് മാറ്റിയത്.
മുതലക്കുളം മൈതാനത്ത് നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര മാനാഞ്ചിറ ചുറ്റി വയനാട് റോഡ് വഴി മലബാര്‍ കൃസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ സമാപിക്കുമെന്ന് ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍ ജോസ് തോമസ് ഞാറാലില്‍ പറഞ്ഞു.
കേരളത്തിന്റെ തനത് കലാരൂപങ്ങളും സാംസ്‌കാരിക പൈതൃകവും ഇതള്‍ വിരിയുന്ന നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയെ സമ്പന്നമാക്കും. കൂടുതല്‍ നിശ്ചല ദൃശ്യങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ ഘോഷയാത്രയില്‍ ഉള്‍പ്പെടുത്താനാണ് കമ്മിറ്റി ശ്രമം നടത്തുന്നത്.
കുട്ടികള്‍ക്കെതിരെ ഉയരുന്ന ചൂഷണങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന നിശ്ചല ദൃശ്യങ്ങളും ആനുകാലിക സംഭവങ്ങളും ഘോഷയാത്രയിലെ ഫ്‌ളോട്ടുകള്‍ക്ക് വിഷയമാകും. എല്ലാതരത്തിലും വര്‍ണ്ണാഭമാകുന്ന സാംസ്‌കാരിക ഘോഷയാത്ര പിഴവുകളില്ലാതെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഘോഷയാത്ര കമ്മിറ്റി.
ഘോഷയാത്രയുടെ മുന്നിലായി കേരളീയ വാദ്യഘോഷങ്ങളും അതിന് പിന്നിലായി ജനപ്രതിനിധികളും കലാസാംസ്‌കാരിക പ്രവര്‍ത്തകരും അണിനിരക്കും. എസ് പി സി, സ്‌കൗട്ട്, ഗൈഡ്, കോഴിക്കോടിന്റെയും കേരളത്തിന്റേയും കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.