വിലാപ യാത്രക്കിടെ കലാപം: രണ്ട് മരണം

Posted on: December 29, 2014 12:30 am | Last updated: December 29, 2014 at 12:30 am

തൊടുപുഴ: ഫോര്‍വേഡ് ബ്ലോക്ക് നേതാവിന്റെ വിലാപ യാത്രക്കിടെ ഇടുക്കി ജില്ലയിലെ അതിര്‍ത്തി പട്ടണമായ തമിഴ്‌നാട്ടിലെ തേനിയില്‍ വര്‍ഗീയ കലാപം. ലാത്തിച്ചാര്‍ജിലും കലാപത്തിലുമായി രണ്ട് പേര്‍ മരിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ഫോര്‍വേഡ് ബ്ലോക്ക് തേനി ജില്ലാ പ്രസിഡന്റ് എസ് ആര്‍ തമിഴന്‍ (37) ന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടു നടന്ന വിലാപ യാത്രക്കിടെയാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കടുത്ത ജാതീയത നിലനില്‍ക്കുന്ന തേനി അല്ലിനഗരം നഗരസഭാ പരിധിയിലാണ് വര്‍ഗീയ സംഘര്‍ഷം ഉണ്ടായത്. നേതാവിന്റെ മരണത്തെ തുടര്‍ന്ന് തേനി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കാന്‍ അണികള്‍ ആഹ്വാനം ചെയ്തിരുന്നു. എസ് ആര്‍ തമിഴന്റെ മൃതദേഹം വഹിച്ചുള്ള വിലപായാത്രക്കിടെ താഴ്ന്ന ജാതിയില്‍ പെട്ടവരുടെ കടകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി.