Connect with us

Articles

ലഹരിയില്‍ നുരയുന്ന കോണ്‍ഗ്രസ് കൂട്ടക്കുഴപ്പം

Published

|

Last Updated

ദീര്‍ഘമായൊരു ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയം കലുഷിതമായിരിക്കുകയാണ്. രണ്ടുവഴിയിലാണ് സഞ്ചാരമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരസ്യമായും പരോക്ഷമായും നിരന്തരം സൂചിപ്പിക്കുന്നു. ഉരുളക്ക് ഉപ്പേരി മറുപടി നല്‍കി രംഗം കൊഴുപ്പിച്ച് നിര്‍ത്തുകയാണ് ഇരുവരും. ലീഡര്‍ കെ കരുണാകരന്‍ ഉയര്‍ത്തിയ വെല്ലുവിളിക്ക് ശേഷം സംസ്ഥാനകോണ്‍ഗ്രസ് ഇങ്ങനെയൊരു പ്രതിസന്ധിയിലൂടെ നീങ്ങുന്നത് ഇതാദ്യം. കരുണാകരനെ അരിക് ചേര്‍ത്തിയാണ് ഈ ഭിന്നതയിലും ഇന്ധനം സംഭരിക്കുന്നത്. കരുണാകരന്റെ ഒറ്റപ്പെടല്‍ വി എം സുധീരന്‍ ഓര്‍മിപ്പിക്കുമ്പോള്‍ അങ്ങനെയൊരു ഒറ്റപ്പെടുത്തലുണ്ടായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കുന്നു. അകല്‍ച്ചയുടെ ആഴം എത്രമേലുണ്ടെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയും സുധീരനും പോയവാരം പുറപ്പെടുവിച്ച പ്രസ്താവനകളിലെ വരികള്‍ മാത്രം വായിച്ചാല്‍ മതി.
ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് പോയകാലങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ടിരുന്ന വെല്ലുവിളി. കെ കരുണാകരനെയാണ് പ്രധാനമായും അന്ന് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നത്. കരുണാകരന്‍ നയിച്ച ഐ ഗ്രൂപ്പും എ കെ ആന്റണിയുടെ എ ഗ്രൂപ്പും തമ്മില്‍ പലഘട്ടങ്ങളിലും ഏറ്റുമുട്ടി. സര്‍ക്കാര്‍ തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിച്ചു. പാര്‍ട്ടി തീരുമാനങ്ങള്‍ കാറ്റില്‍പ്പറത്തി. രാജ്യസഭയിലേക്ക് പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നതിലേക്ക് പോലും അന്ന് കാര്യങ്ങളെത്തി. കരുണാകരന്‍ കോണ്‍ഗ്രസ് വിടുന്നതിലാണ് അന്ന് കാര്യങ്ങള്‍ അവസാനിച്ചത്. കെ മുരളീധരന് കെ പി സി സി പ്രസിഡന്റ് പദം നഷ്ടമായതും പുതിയൊരു പാര്‍ട്ടിയുണ്ടായതും പിന്നീട് കോണ്‍ഗ്രസില്‍ തന്നെ തിരിച്ചുവരേണ്ടി വന്നതുമെല്ലാം അടുത്ത കാലങ്ങളില്‍ നടന്ന രാഷ്ട്രീയ ചരിത്രം.
ഇന്ന് സ്ഥിതി അതല്ല. കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ രണ്ടും ഒന്നിച്ച് ഒരു വശത്ത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരനും വിരലിലെണ്ണാവുന്ന നേതാക്കളും മറുവശത്ത്. കൂടെയുള്ളവരുടെ എണ്ണത്തേക്കാള്‍ പ്രധാനമാണ് ഇരിക്കുന്ന പദവിയെന്നതിനാല്‍ ഏതെങ്കിലുമൊരു പക്ഷം ദുര്‍ബലമാണെന്ന് പറയുക വയ്യ. വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായത് മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചില പതിവ് സമവാക്യങ്ങള്‍ തിരുത്താന്‍ ശ്രമിച്ചെന്നത് ഒരു യാതാര്‍ഥ്യമാണ്. ഇതിലെ ശരി തെറ്റുകളില്‍ ഭിന്നാഭിപ്രായമുണ്ടാകുമെങ്കിലും ഭരണത്തില്‍ അമിതമായ ഇടപെടലിന് സുധീരന്‍ ശ്രമിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരിക്കെ അദ്ദേഹവുമായി ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്ന ഇക്വേഷന്‍ അല്ല, സുധീരന്‍ വന്നശേഷമുണ്ടായത്. സര്‍ക്കാറും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തിനായി രൂപവത്കരിച്ച സര്‍ക്കാര്‍-കെ പി സി സി ഏകോപന സമിതിക്ക് പല്ലും നഖവും നല്‍കാന്‍ തുടക്കം മുതല്‍ സുധീരന്‍ ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാറെടുത്ത നിര്‍ണായക തീരുമാനങ്ങളില്‍ ചിലത് മാറ്റാനും നിര്‍ദേശിക്കപ്പെട്ട പലതും തിരുത്താനും സുധീരന്‍ ശ്രമിച്ചെന്നത് ഒരു വസ്തുതയാണ്. ആറന്മുള വിമാനത്താവളം ഉള്‍പ്പെടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളില്‍ സുധീരന്‍ സജീവമായി ഇടപെടുകയും സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
മുതിര്‍ന്ന മന്ത്രിമാരും കെ പി സി സിയുടെ മുന്‍പ്രസിഡന്റുമാരും അംഗങ്ങളായ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപന സമിതി നിരന്തരം യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ സുധീരന്‍ തിടുക്കം കാണിച്ചിരുന്നു. ഇതിനെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴങ്ങിയിട്ടുമുണ്ട്. ഒരു ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രദ്ധിക്കുകയും ചെയ്തു.
ഈ ഒരു അന്തരീക്ഷം നില്‍ക്കെയാണ് മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അരങ്ങ് ഒരുങ്ങുന്നത്. മദ്യനയം പുതുക്കേണ്ട സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തീരുമാനം നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടാണ് സുധീരന്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയ ഘട്ടത്തില്‍ അതിന് ശേഷം ചര്‍ച്ചകള്‍ മതിയെന്ന ധാരണയുണ്ടായതോടെ നിലവാരമില്ലെന്ന് കണ്ടെത്തിയ 418 ബാറുകള്‍ക്ക് താഴ് വീണു.
ഈ ഘട്ടത്തില്‍ സമ്പൂര്‍ണ മദ്യനിരോധമെന്ന ആവശ്യം സുധീരന്‍ പോലും മുന്നോട്ട് വെച്ചിരുന്നില്ല. പൂട്ടിയ 418 ബാറുകള്‍ തുറക്കാനുള്ള നീക്കങ്ങള്‍ മദ്യലോബി തകൃതിയായി നടത്തിയതോടെയാണ് വിവാദത്തിന് തിരിതെളിയുന്നത്. 312 ബാറുകള്‍ പ്രവര്‍ത്തിക്കുകയും 418 എണ്ണം അടഞ്ഞ് കിടക്കുകയും ചെയ്യുന്നതിലെ നീതി കേട് ഒരു വിഭാഗം ഉയര്‍ത്തിയതോടെ രംഗം കൊഴുത്തു. തുറക്കാമെങ്കില്‍ പൂര്‍ണമായും തുറക്കണം, അല്ലെങ്കില്‍ എല്ലാം പൂട്ടണം. ഈ നിര്‍ദേശത്തിന് ബലം വെച്ചതോടെയാണ് സമ്പൂര്‍ണ മദ്യനിരോധം എന്ന ആശയത്തിന് ജീവന്‍ വെക്കുന്നത്. 418 ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ മദ്യലോബിയുടെ വക്താക്കളായി ചിത്രീകരിക്കപ്പെട്ടതോടെ ഉമ്മന്‍ചാണ്ടി തന്നെയാണ് ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമിടുന്ന നയം രൂപപ്പെടുത്തിയത്. തുറന്നിരിക്കുന്ന ബാറുകള്‍ കൂടി പൂട്ടുകയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ബാറുകള്‍ ഫൈവ് സ്റ്റാറുകളില്‍ മാത്രമായി പരിമിതപ്പെടുത്താനും സര്‍ക്കാര്‍ വിലാസം മദ്യഷാപ്പുകള്‍ ഓരോ വര്‍ഷവും പത്ത് ശതമാനം വീതം അടച്ചുപൂട്ടി മദ്യമുക്ത കേരളവും അദ്ദേഹം പ്രഖ്യാപിച്ചു. ഞായറാഴ്ചകള്‍ ഡ്രൈ ഡെ പ്രഖ്യാപിച്ച് വാരാന്ത്യങ്ങളെ മദ്യമുക്തമാക്കി. ജനവികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ഈ തീരുമാനത്തെ ഇരും കൈയും നീട്ടിയാണ് കേരളം സ്വീകരിച്ചത്. കോടികള്‍ നിക്ഷേപിച്ച മദ്യലോബികള്‍ തങ്ങള്‍ക്ക് നേരിട്ട തിരിച്ചടി മറികടക്കാന്‍ അന്ന് മുതല്‍ ശ്രമം തുടങ്ങി. ചില വിധിന്യായങ്ങള്‍ ഇവര്‍ക്ക് അനുകൂലമായി ലഭിച്ചതോടെ സര്‍ക്കാറിന്റെ മദ്യനയം നക്ഷത്രമെണ്ണി തുടങ്ങി.
ഇതിനിടെ തൊഴിലാളികളുടെ പ്രശ്‌നവും ടൂറിസം രംഗത്തെ പ്രതിസന്ധിയും ചിലര്‍ ഉയര്‍ത്തിക്കാട്ടി. അങ്ങനെയാണ് നയത്തില്‍ ചില മാറ്റങ്ങള്‍ രൂപപ്പെടുന്നത്. ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണവും നയം മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. ഞായറാഴ്ചകളിലെ ഡ്രൈ ഡെ ഒഴിവാക്കിയതാണ് നയത്തില്‍ വരുത്തിയ മാറ്റങ്ങളിലൊന്ന്. അടച്ച് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. വി എം സുധീരന്‍ ഇതിനെതിരെ പരസ്യനിലപാടെടുത്തുവെന്ന് മാത്രമല്ല, സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. ബാഹ്യസമ്മര്‍ധങ്ങള്‍ക്ക് വഴങ്ങിയുള്ള തീരുമാനമെന്നാണ് സുധീരന്‍ നടത്തിയ ആദ്യപ്രതികരണം.
എന്നാല്‍ പാര്‍ലിമെന്ററി പാര്‍ട്ടിയുടെ യോഗം അനൗദ്യോഗികമായി വിളിച്ച് ഇക്കാര്യത്തിലുള്ള പിന്തുണ ഉറപ്പ് വരുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. പാര്‍ട്ടി യോഗം വിളിക്കണമെന്ന ആവശ്യം ചില കോണുകള്‍ ഉയര്‍ത്തിയെങ്കിലും അതിന് തയ്യാറാകാത്ത സുധീരന്റെ നിലപാടിനോള്ള പ്രതിഷേധം കൂടിയായിരുന്നു പാര്‍ലിമെന്ററി പാര്‍ട്ടി യോഗം.
മഴ പെയ്ത ശേഷമുള്ള മരം പെയ്യല്‍ ഇനിയും അവസാനിച്ചിട്ടില്ല. പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള അകല്‍ച്ച ബോധ്യപ്പെടുത്തുന്നതാണ് ഇരുവരുടെയും വാക്കുകള്‍. കെ കരുണാകരന്‍ അനുസ്മരണത്തില്‍ തൊടുത്ത് വിട്ട വാക്ശരങ്ങളില്‍ തന്നെ വിമര്‍ശിക്കുന്നവരെയെല്ലാം സുധീരന്‍ ലക്ഷ്യമിടുന്നുണ്ട്. അധികാരം ഉണ്ടാകുമ്പോള്‍ എല്ലാവരും കൂടെയുണ്ടാകുമെന്നും അത് നഷ്ടപ്പെട്ടാല്‍ ആരുമുണ്ടാകില്ലെന്നുമാണ് സുധീരന്‍ നല്‍കിയ മുന്നറിയിപ്പ്. അത് എല്ലാവര്‍ക്കും ബാധകമാണെന്ന് തിരിച്ചടിച്ച മുഖ്യമന്ത്രി, മദ്യനയത്തില്‍ പ്രായോഗികതയാണ് ഉള്‍ക്കൊണ്ടതെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അവസാന കാലത്ത് കരുണാകരന്‍ ഒറ്റപ്പെട്ട് പോയെന്ന സുധീരന്റെ വാദത്തെ അങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തിരുത്തിയത്. വാക്കുകളെ ഏത് ദിശയില്‍ വായിച്ചാലും ഇരുവരും രണ്ടുവഴിക്കാണ് നീങ്ങുന്നതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.
പ്രശ്‌നം മദ്യനയം മാത്രമല്ലെന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളവരുടെ പക്ഷം. വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പരസ്യമായി പറയുന്നതും ഇത് തന്നെ. മദ്യനയം ഇപ്പോള്‍ ഒരു പ്രശ്‌നമായിരിക്കാം. ഇതുകഴിഞ്ഞാല്‍ പുതിയതൊന്ന് സുധീരന്‍ കൊണ്ടുവരും. വിമര്‍ശിച്ച് നേതാവായവര്‍ക്ക് വിമര്‍ശം അസഹനീയമാകുന്നത് എങ്ങനയെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും കോണ്‍ഗ്രസ് രാഷ്ട്രീയം വല്ലാത്തൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. പാര്‍ട്ടിയും സര്‍ക്കാറും രണ്ടുവഴിക്ക് നീങ്ങുന്നത് സുഗമമായ ഭരണത്തിന് തടസ്സമാകും. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ വേഗത കുറയ്ക്കും. ഈ തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.

Latest