Connect with us

Business

സ്വര്‍ണ വില ഉയര്‍ന്നു; ആഗോള റബ്ബര്‍ വിപണി മാന്ദ്യത്തില്‍

Published

|

Last Updated

കൊച്ചി: പാചക എണ്ണ ഇറക്കുമതി ഡ്യൂട്ടി അഞ്ച് ശതമാനം വര്‍ധിപ്പിച്ചത് വെളിച്ചെണ്ണക്കും കൊപ്രക്കും നേട്ടമായി. ടയര്‍ കമ്പനികളുടെ വരവ് ഷീറ്റ് വിലയില്‍ മുന്നേറ്റമുളവാക്കി. അന്തര്‍സംസ്ഥാന വ്യാപാരികള്‍ കുരുമുളകില്‍ താല്‍പര്യം കാണിച്ചു. സ്വര്‍ണ വില ഉയര്‍ന്നു.
ഭക്ഷ്യയെണ്ണ ഇറക്കുമതി ഡ്യൂട്ടി കേന്ദ്രം ഉയര്‍ത്തിയത് വെളിച്ചെണ്ണക്ക് നേട്ടമായി. ശുദ്ധീകരിച്ച എണ്ണയുടെയും അസംസ്‌കൃത എണ്ണയുടെയും ഇറക്കുമതി തീരുവയാണ് അഞ്ച് ശതമാനം വര്‍ധിപ്പിച്ചത്. ഇത് നാളികേരോത്പന്നങ്ങളുടെ വിലയിലും താല്‍കാലികമായ ഉണര്‍വ് ഉളവാക്കി. ക്രിസ്മസ് ഡിമാന്‍ഡ് കഴിഞ്ഞത്തിനാല്‍ വെളിച്ചെണ്ണക്ക് ലോക്കല്‍ ഡിമാന്‍ഡ് കുറവാണ്. എങ്കിലും മാസാരംഭം അടുത്തിനാല്‍ നിരക്ക് വീണ്ടും ഉയരാം. മില്ലുകാര്‍ വെളിച്ചെണ്ണ നീക്കം വരും ദിനങ്ങളില്‍ കുറക്കാന്‍ ഇടയുണ്ട്. വെളിച്ചെണ്ണ വില പോയ വാരം 12,900 ല്‍ നിന്ന് 13,300 ലേക്ക് കയറി. കൊ്രപ 8,575 ല്‍ നിന്ന് 8,890 രൂപയായി. കോഴിക്കോട് വെളിച്ചെണ്ണ 14,400 ലും കാങ്കയത്ത് 13,100 ലുമാണ്. കാങ്കയത്ത് കൊപ്ര വില 9,600 ലാണ്.
വിപണികളിലേക്കുള്ള റബ്ബര്‍ വരവ് ചുരുങ്ങിയതിനിടയില്‍ വ്യവസായികള്‍ ചരക്ക് സംഭരിക്കാന്‍ ഉത്സാഹിച്ചത് വില ഉയര്‍ത്തി. ടയര്‍ കമ്പനികള്‍ നാലാം ഗ്രേഡ് റബ്ബര്‍ വില 11,700 രൂപയില്‍ നിന്ന് വാരാന്ത്യം 12,800 ലേക്ക് ഉയര്‍ത്തി. 1,000 രൂപയുടെ ശക്തമായ മുന്നേറ്റം. അഞ്ചാം ഗ്രേഡ് റബ്ബര്‍ 11,200 രൂപയില്‍ നിന്ന് 12,200 ലേക്ക് കയറി. അനുകൂല കാലാവസ്ഥ തുടരുന്നതിനാല്‍ റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ഉയര്‍ന്ന അളവിലാണ്. കൊച്ചിയില്‍ പോയവാരം 500 ടണ്‍ റബ്ബറിന്റെ വ്യാപാരം നടന്നു. ആഗോള റബ്ബര്‍ വിപണി ക്രിസ്തുമസ് അവധി ദിനങ്ങള്‍ മൂലം മാന്ദ്യത്തിലാണ്.
ഉത്തരേന്ത്യന്‍ ഇടപാടുകാര്‍ ചരക്ക് സംഭരണത്തിനു വീണ്ടും രംഗത്ത് ഇറങ്ങി. ഹൈറേഞ്ച് കുരുമുളക് വരവിന് കാലതാമസം നേരിടുമെന്ന ആശങ്കയില്‍ ആഭ്യന്തര വാങ്ങലുകാരുടെ വരവില്‍ ഉത്പന്ന വില പോയ വാരം 2,000 രൂപ വര്‍ധിച്ചു. അവധി ദിനങ്ങള്‍ മൂലം വ്യാപാര രംഗത്തെ മാന്ദ്യം തുടരുകയാണ്. ഗാര്‍ബിള്‍ഡ് കുരുമുളക് വില 71,500 രൂപയിലും അണ്‍ ഗാര്‍ബിള്‍ഡ് 68,500ലുമാണ്.
ഉത്തരേന്ത്യയില്‍ നിന്ന് ചുക്കിനു പ്രതീക്ഷിച്ച ഓര്‍ഡറുകള്‍ എത്താഞ്ഞത് വില തകര്‍ച്ചക്ക് ഇടയാക്കി. ഡിമാന്‍ഡ് മങ്ങിയതോടെ വിവിധയിനം ചുക്ക് വില 1,000 രൂപ കുറഞ്ഞു. മീഡിയം ചുക്ക് 20,000 രൂപയിലും ബെസ്റ്റ് ചുക്ക് 22,000 രൂപയിലും ക്ലോസിംഗ് നടന്നു.
കേരളത്തില്‍ സ്വര്‍ണ വില കയറി. പവന്റെ വില 20,200 രൂപയില്‍ നിന്ന് 20,400 ലേക്ക് കുതിച്ചു. ലണ്ടനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിനു 1,193 ഡോളര്‍.

Latest