Connect with us

International

ദുരൂഹതകള്‍ ബാക്കി; ഒരു വര്‍ഷത്തിനിടെ മൂന്ന് വിമാന ദുരന്തങ്ങള്‍

Published

|

Last Updated

ജക്കാര്‍ത്ത: എയര്‍ ഏഷ്യ 162 യാത്രക്കാരുമായി കാണാതായ പുതിയ സംഭവത്തോടെ മലേഷ്യ ഈ വര്‍ഷം നേരിടുന്നത് മൂന്നാമത്തെ വിമാന ദുരന്തം. ഇതിന് മുമ്പ് രണ്ട് വിമാനപകടങ്ങളാണ് ഈ വര്‍ഷം തന്നെ മലേഷ്യ നേരിട്ടത്. ദുരൂഹമായ മൂന്ന് വിമാന ദുരന്തങ്ങളിലുമായി നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു.

എം എച്ച് 370
(08-03-2014)
വിമാന ദുരന്തങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരൂഹതകള്‍ ബാക്കിവെച്ചാണ് കഴിഞ്ഞ മാര്‍ച്ച് എട്ടിന് എം എച്ച് 370 വിമാനം കാണാതായത്. ക്വലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറന്ന വിമാനത്തില്‍ 239 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ ആരെങ്കിലും രക്ഷപ്പെടുകയോ വിമാനത്തിനെന്ത് സംഭവിച്ച് എന്നോ ഇതുവരെയും വ്യക്തമായിട്ടില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അജ്ഞാത ദ്വീപില്‍ ഇറക്കിയെന്നും ഊഹക്കഥകള്‍ ഇതോടൊപ്പം പ്രചരിച്ചിരുന്നു. വിമാന ദുരന്തങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ബൃഹത്തായ തിരച്ചിലാണ് ഇതിന് വേണ്ടി നടന്നത്. ദുരൂഹതകള്‍ ബാക്കിയാക്കി ഈ വിമാനത്തിനെന്ത് പറ്റി എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

എം എച്ച് 17(17-07-2014)
കഴിഞ്ഞ ജൂലൈ മാസത്തിലാണ് മലേഷ്യയെ നടുക്കിയ രണ്ടാമത്തെ വിമാനപകടം. 298 യാത്രക്കാരും വിമാന ജോലിക്കാരുമായി പറന്നിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം എച്ച് 17 കിഴക്കന്‍ ഉക്രൈനിലെ വിമത പ്രദേശത്താണ് തകര്‍ന്നുവീണിരുന്നത്. സംഭവത്തില്‍ മുഴുവന്‍ യാത്രക്കാരും ജോലിക്കാരും കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ വിമതര്‍ വെടിവെച്ച് വീഴ്ത്തിയെന്ന് പാശ്ചാത്യ രാജ്യങ്ങളും കിഴക്കന്‍ ഉക്രൈനും ആരോപിക്കുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വലാലംപൂരിലേക്കായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് നടത്തിയ തിരച്ചിലിനും പഠനത്തിനും ശേഷം, പുറത്തുനിന്ന് വന്ന വസ്തുക്കള്‍ മൂലമാണ് വിമാനം തകര്‍ന്നുവീണതെന്നും ഇത് മിസൈലാകാമെന്നും നിഗമനങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ വിമാനം വീഴ്ത്തിയത് കിഴക്കന്‍ ഉക്രൈന്‍ തന്നെയാണ് എന്നാണ് റഷ്യ ആരോപിക്കുന്നത്.

ക്യൂ ഇസെഡ് 8501
(28-12-2014)
ഏറ്റവും പുതിയ വിമാന ദുരന്തമാണ് ഇന്നലെ സംഭവിച്ചത്. മൊത്തം 162 യാത്രക്കാരുമായി പറക്കുകയായിരുന്ന എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും അവശ്ഷ്ടങ്ങള്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വിമാനം പറന്നുയര്‍ന്ന് 42 മിനിറ്റിന് ശേഷമാണ് എയര്‍ കണ്‍ട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. എയര്‍ ഏഷ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.