മോദി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: സുധീരന്‍

Posted on: December 28, 2014 10:35 pm | Last updated: December 29, 2014 at 12:36 am

vm sudheeranതിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് നരേന്ദ്രമോദിയുടേതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കേരളത്തിന്റെ മതേതര-സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയാണ് സംഘപരിവാര്‍ ഇപ്പോള്‍ പുനര്‍ മതപരിവര്‍ത്തനശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്കു വേണ്ടി ഇതുവരെ ഒന്നും ചെയ്യാത്ത നരേന്ദ്രമോദി വര്‍ഗീയ ധ്രൂവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് കളമൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ 130ാം ജന്മദിനസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ- മതേതരത്വ ആശയങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ണാണ് കേരളത്തിലേത്.
അത് മനസിലാക്കാതെയാണ് വര്‍ഗീയതയുടെ വിത്തുകള്‍ പാകാന്‍ അവര്‍ ശ്രമിക്കുന്നത്. വര്‍ഗീയ-സാമുദായിക സംഘട്ടനങ്ങള്‍ വളര്‍ത്തി രാജ്യത്ത് മത ധ്രുവീകരണമുണ്ടാക്കുകയാണ് അവരുടെ ഉദ്ദേശം. ഈ മതേതര- ജനാധിപത്യവിരുദ്ധമായ ഗൂഢശ്രമത്തെ ഒറ്റക്കെട്ടായി നേരിടാന്‍ നാം തയ്യാറാവണം. താല്‍ക്കാലിക തിരിച്ചടികളെ അതിജീവിച്ച് കോണ്‍ഗ്രസ് മുന്നോട്ടുപോവണം.
കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതമെന്ന നരേന്ദ്രമോഡിയുടെ ആഗ്രഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു. സാമൂഹിക സ്വാതന്ത്ര്യത്തോടൊപ്പം രാഷ്ട്രീയ സ്വാതന്ത്ര്യവും ഉണ്ടാക്കാനും മദ്യാസക്തിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജമാക്കാനും ഗാന്ധിജി പ്രയത്‌നിച്ചുവെന്നും അദ്ദേഹം പറഞ്ഞു.