ബസുകള്‍ക്കും ടാക്‌സികള്‍ക്കും പ്രത്യേക പാതവരി;നിയമം ലംഘിക്കുന്നവര്‍ക്ക് 600 ദിര്‍ഹം പിഴ

Posted on: December 28, 2014 6:00 pm | Last updated: December 28, 2014 at 6:50 pm

ദുബൈ; ബസുകള്‍ മാത്രം ഓടാന്‍ പാടുള്ള പാതവരികളില്‍ മറ്റു വാഹനങ്ങള്‍ ഓടുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍തായര്‍ അറിയിച്ചു.

ഇത് നിരീക്ഷിക്കാന്‍ 2015 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് വരെ പ്രത്യേക പരിശോധനകളുണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 600 ദിര്‍ഹം പിഴ ചുമത്തും. ആദ്യ ഘട്ടത്തില്‍ നിരീക്ഷണമാണ് നടത്തുക. നൈഫ് സ്ട്രീറ്റിലെ ഒരു കിലോമീറ്ററിലാണ് നിരീക്ഷണമുണ്ടാകുക. ബസുകള്‍ക്കും ടാക്‌സികള്‍ക്കും പാതകളില്‍ പ്രത്യേകം വരികള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. മണിക്കൂറില്‍ 36 ബസുകളാണ് ഈ റൂട്ടില്‍ ഓടുന്നത്. പാതകള്‍ നിരീക്ഷിക്കാന്‍ ഏഴ് ക്യാമറകള്‍ സ്ഥാപിക്കും. ഇതിനു പുറമെ ദുബൈ പോലീസിന്റെ പട്രോളിംഗ് സംവിധാനവും ഉണ്ടാകും. ദുബൈ റോഡുകളില്‍ ചില സ്ഥലങ്ങളില്‍ ബസുകള്‍, ടാക്‌സികള്‍, പോലീസ് വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവക്ക് പ്രത്യേകം വരികളുണ്ട്. ഇവയില്‍ മറ്റു വാഹനങ്ങള്‍ കയറാന്‍ പാടുള്ളതല്ല. പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും ആളുകളെ ആകര്‍ഷിക്കുകയുമാണ് ആര്‍ ടി എയുടെ ലക്ഷ്യം. ഇതിന് ബസുകള്‍ സുഖമമായി ഓടേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് പ്രത്യേകം വരികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ അമേരിക്കയിലും യൂറോപ്പിലും ഇത്തരത്തില്‍ സംവിധാനങ്ങളുണ്ട്.
സത്‌വ റൗണ്ട് എബൗട്ടു മുതല്‍ ശൈഖ് റാശിദ് സ്ട്രീറ്റ് വരെ മന്‍ഖൂലിലും ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് മുതല്‍ അല്‍ മുസല്ല സ്ട്രീറ്റ് വരെ ഖലീജ് സ്ട്രീറ്റിലും മിന സ്ട്രീറ്റ് മുതല്‍ 16-ാം നമ്പര്‍ സ്ട്രീറ്റ് വരെ വലീദ് സ്ട്രീറ്റിലും അല്‍ മിന സ്ട്രീറ്റ് മുതല്‍ സ്ട്രീറ്റ് നമ്പര്‍ 12 വരെ ഖുബൈബ സ്ട്രീറ്റിലും ബസുകള്‍ക്കും ടാക്‌സികള്‍ക്കും പ്രത്യേകം വരികളുണ്ട്. രണ്ടാം ഘട്ടത്തില്‍ നൈഫ് സ്ട്രീറ്റിലും ഏര്‍പ്പെടുത്തുകയാണ്.
ദുബൈ എമിറേറ്റ് മുതല്‍ അല്‍ നഹ്ദ ഇന്റര്‍ ചെയ്ഞ്ച് വരെ ഇത്തിഹാദ് സ്ട്രീറ്റിലും ഒരു കിലോമീറ്ററില്‍ പ്രത്യേക വരി ലക്ഷ്യമിടുന്നു. ദുബൈയില്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കും പ്രത്യേക വരികള്‍ വേണമെന്ന് 77 ശതമാനം ആളുകള്‍ ആവശ്യപ്പെട്ടതായും 86 ശതമാനം ബസ് ഡ്രൈവര്‍മാര്‍ ഇതില്‍ സംതൃപ്തരാണെന്നും മതര്‍ അല്‍തായര്‍ അറിയിച്ചു.