51 ശതമാനം നെറ്റ് ഉപയോക്താക്കള്‍ സൈബര്‍ ആക്രമണം നേരിടുന്നു; പണം ചോരുന്നു

Posted on: December 28, 2014 6:44 pm | Last updated: December 28, 2014 at 6:44 pm

cybercrime-logoദുബൈ: ബേങ്ക് എക്കൗണ്ടില്‍ നിന്നുള്ള മോഷണമടക്കം പലതരം സൈബര്‍ ആക്രമണങ്ങള്‍ യു എ ഇ നിവാസികള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് പഠനം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 51 ശതമാനം സാമ്പത്തികമായ സൈബര്‍ ആക്രമണത്തിന് വിധേയമാകുന്നുവെന്നും കാസ്‌പെര്‍സ്‌കി ലാബ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
2014ല്‍ ഓരോ ആള്‍ക്കും ശരാശരി 900 ദിര്‍ഹം പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ 10 ശതമാനം പേരാണ് പരാതി നല്‍കിയത്.
ബേങ്ക് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയാണ് പണം മോഷ്ടിച്ചതെന്ന് 30 ശതമാനം പേര്‍ അറിയിച്ചു. വ്യാജ വെബ്‌സൈറ്റുകള്‍ വഴി പണം തട്ടിയെടുത്തുവെന്ന് ഒമ്പത് ശതമാനം പേര്‍ കുറ്റപ്പെടുത്തിയപ്പോള്‍ യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ ചോര്‍ത്തി തട്ടിപ്പുനടത്തിയതിന് ഇരയായെന്ന് 10 ശതമാനം പേര്‍ അറിയിച്ചു.
തട്ടിപ്പിനിരയായവരില്‍ അഞ്ചിലൊരാള്‍ക്ക് ശരാശരി 3,670 ദിര്‍ഹം നഷ്ടമായി. ഇ മെയില്‍, സാമൂഹിക ശൃംഖലകള്‍ തുടങ്ങിയ എക്കൗണ്ടില്‍ നുഴഞ്ഞുകയറി തട്ടിപ്പു നടത്തുന്നവരും വര്‍ധിച്ചുവരുന്നു. 2014ല്‍ 28 ശതമാനം പേര്‍ക്ക് ദുരനുഭവം ഉണ്ടായി.
ചിലരുടെ മെയില്‍ ബോക്‌സില്‍ എക്കൗണ്ട് വിവരങ്ങള്‍ ഉണ്ടാകും. ഇത് തട്ടിപ്പുകാര്‍ക്ക് ഗുണകരമാകുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിനും മറ്റുമായി ധാരാളം പേര്‍ മെയില്‍ ബോക്‌സില്‍ പാസ്‌വേഡ് അയക്കാറുണ്ട്. ഇത് ചോര്‍ത്തുന്ന സംഘങ്ങളും വ്യക്തികളുമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്ന് കാസ്‌പെര്‍സ്‌കി ലാബ് ഉപഭോക്തൃ വിഭാഗം മേധാവി എലീന ഖര്‍ചെങ്കോ മുന്നറിയിപ്പു നല്‍കി.