Gulf
'ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയോധനകല പരിശീലിപ്പിക്കും'

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയോധനകല (മാര്‍ഷ്യല്‍ ആര്‍ട്‌സ്) പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങുമെന്ന് കരാട്ടെ ഗ്രാന്റ് മാസ്റ്ററും നടനുമായ ബാബു ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുബൈ കറാമയില്‍ സന സിഗ്നലിനു സമീപം ജനുവരി ഒമ്പത് വൈകുന്നേരം 5.30ന് ഉദ്ഘാടനം ചെയ്യും. കരാട്ടെ, കുങ്ഫു, കളരിപ്പയറ്റ് തുടങ്ങിയവ അഭ്യസിപ്പിക്കും. ഇത്തരം ആയോധന മുറകള്‍ പ്രതിരോധത്തിനു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്ന സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുക. മാസത്തിലൊരിക്കല്‍ താന്‍ ക്ലാസെടുക്കും. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പരിശീലകര്‍ എത്തുക. നാലു മുതല്‍ 99 വരെ വയസുള്ളവര്‍ക്ക് അഭ്യസിക്കാം. ബഹ്‌റൈന്‍ ശാഖ ജനുവരി 25നും അമേരിക്കയിലെ ഹുസ്റ്റണ്‍ ശാഖ ഫെബ്രുവരി 25നും തുടങ്ങും. കേരളത്തിലടക്കം ശാഖകളുണ്ടാകും. ഷാര്‍ജയില്‍ അഞ്ചുകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. അബുദാബി ശാഖ താമസിയാതെ തുടങ്ങുമെന്നും ബാബു ആന്റണി അറിയിച്ചു.
ഡയറക്ടര്‍മാരായ എല്‍ദോസ് ജോണ്‍ കീലത്ത്, പി വി ശ്രീകുമാര്‍ ചവറ, ജോസ് പീറ്റര്‍ ലോബോ തുടങ്ങിയവര്‍ പങ്കെടുത്തു.