Connect with us

Ongoing News

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ്: കോഹ്‌ലിക്കും രഹാനക്കും സെഞ്ച്വറി

Published

|

Last Updated

മെല്‍ബണ്‍: അജിങ്ക്യാ രഹാനയുടെയും വിരാട് കോഹ്‌ലിയുടെയും മികവില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് റണ്‍മല താണ്ടാന്‍ ഇറങ്ങിയ ഇന്ത്യ രഹാനയുടെയും കോഹ്‌ലിയുടെയും സെഞ്ച്വറി കരുത്തില്‍ മൂന്നാം ദിനം 468 റണ്‍സ് എടുത്തു. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ എട്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ ഇപ്പോഴും 68 റണ്‍സ് പിന്നിലാണ്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സിന് ഞായറാഴ്ച ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയെ രക്ഷപെടുത്തിയത് രഹാനയുടെയും(147) കോഹ്‌ലിയുടെയും (169) ബാറ്റുകളാണ്. 55 റണ്‍സുമായി മുരളി വിജയും 25 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. തലേദിവസത്തെ സ്‌കോറില്‍ ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പുജാരയും 13 റണ്‍സ് കൂടി നേടി വിജയും പുറത്തായതോടെ ഇന്ത്യ അപകടം മണത്തതാണ്. ഈ അവസരത്തിലാണ് പുജാരയും കോഹ്‌ലിയും രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 262 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

പിന്നീട് എത്തിയ ക്യാപ്റ്റന്‍ ധോണിയടക്കം ആരും ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ മിനക്കെട്ടില്ല. ധോണി 11 റണ്‍സിന് ഹാരീസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ പുതുമുഖം ലോകേഷ് രാഹുല്‍ മൂന്നു റണ്‍സിന് പുറത്തായി. അശ്വിനാവട്ടെ ദാ വന്നു ദേ പോയി എന്ന മട്ടില്‍ റണ്‍പോലുമെടുക്കാന്‍ നില്‍ക്കാതെ പവലിയനിലേക്ക് മടങ്ങി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പതു റണ്‍സുമായി മുഹമ്മദ് ഷാമിയാണ് ക്രീസില്‍.

Latest